‘റമദാൻ ഇൻ ദുബൈ’ പരിപാടികൾക്ക് തുടക്കം; ഒരു മാസം നീളുന്ന ആഘോഷങ്ങൾക്ക് നഗരം സജ്ജം
ദുബൈ: റമദാൻ മാസത്തോടനുബന്ധിച്ച് ദുബൈയിൽ വാർഷിക ‘റമദാൻ ഇൻ ദുബൈ’ പരിപാടികൾക്ക് തുടക്കമായി. ഒരു മാസം നീളുന്ന ക്യാമ്പയിന്റെ ഭാഗമായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സാംസ്കാരിക, സാമൂഹിക, ലൈഫ്‌സ്റ്റൈൽ പരിപാടികൾ സംഘടിപ്പിക്കും. ‘അൽ വുൽഫ’ എന്ന സീസണൽ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടികൾ നടക്കുന്നത്.
‘ഹഖ് അൽ ലൈല’ മുതൽ ഈദുൽ ഫിത്ർ വരെ പൈതൃകവും സഹജീവിതവും പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ, നൈറ്റ് മാർക്കറ്റുകൾ, മജ്‌ലിസ് സംഗമങ്ങൾ, പൈതൃക പരിപാടികൾ, കുടുംബ വിനോദങ്ങൾ എന്നിവ സിറ്റി വോക്ക്, ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ അരങ്ങേറും.
അൽസീഫ്, ദുബൈ ക്രീക്ക് എന്നിവിടങ്ങളിൽ വെടിക്കെട്ട് പ്രദർശനങ്ങളും ഡ്രോൺ ലൈറ്റ് ഷോകളും സംഘടിപ്പിക്കും. നഗരമൊട്ടാകെ അലങ്കാര ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് സാംസ്കാരികവും ജീവകാരുണ്യപരവുമായ പരിപാടികളും കുട്ടികൾക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടക്കും. ഹോട്ടലുകൾ, മാളുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഇഫ്താർ-സുഹൂർ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇമാരത്തി പൈതൃകവും മൂല്യങ്ങളും ആഘോഷമാക്കുന്നതിനായി ‘വുൽഫ സീസൺ’ പ്രഖ്യാപിച്ചത്. ‘വുൽഫ’ എന്നത് പരിചയം, അടുപ്പം എന്നിവ സൂചിപ്പിക്കുന്ന പ്രാദേശിക പദമാണ്.
സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, പ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ 30 സ്ഥലങ്ങളിലായി 50-ലധികം സംരംഭങ്ങൾ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. താമസക്കാരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ആഘോഷങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.
സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, പാരമ്പര്യം സംരക്ഷിക്കുക, വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്കിടയിൽ ഒത്തൊരുമ വളർത്തുക എന്നിവയാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.










































