• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Movie

‘സേതുമാധവന്റെ ദുരന്തം വീണ്ടും വെള്ളിത്തിരയിലേക്ക്’; ‘കിരീടം’ 4K റിലീസിനെക്കുറിച്ചുള്ള എൻ.പി. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!

by UAE വാർത്ത ലേഖകൻ
3 months ago
in Movie
Reading Time: 2 mins read
31 0
‘സേതുമാധവന്റെ ദുരന്തം വീണ്ടും വെള്ളിത്തിരയിലേക്ക്’; ‘കിരീടം’ 4K റിലീസിനെക്കുറിച്ചുള്ള എൻ.പി. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!
174
VIEWS
Share on WhatsappShare on Facebook

മാധ്യമപ്രവർത്തകനും ചലച്ചിത്ര അക്കാദമി പ്രോഗ്രാം വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുമായ എൻ.പി. സജീഷിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; മലയാളത്തിന്റെ ദൃശ്യവിസ്മയം ഇന്ന് മുതൽ അത്യാധുനിക 4K ഡോൾബി അറ്റ്‌മോസ് മികവിൽ തിയേറ്ററുകളിൽ.

മലയാളത്തിലെ മുഖ്യധാരാ സിനിമയെ സംബന്ധിച്ച മുന്‍ധാരണകളില്‍നിന്ന് ഒട്ടനവധി കളകള്‍ പറിച്ചെറിഞ്ഞ സിനിമ. കലാമൂല്യവും ജനപ്രിയതയും ഒരേ ശ്വാസത്തില്‍ സഹവസിക്കുമെന്ന് തെളിയിച്ച ഒരു മികച്ച ചിത്രത്തിന്റെ മടങ്ങിവരവ്.
ആറ് ദിവസം കൊണ്ട് എഴുതിയ തിരക്കഥ. 23 ദിവസം കൊണ്ട് പൂര്‍ത്തിയായ ചിത്രീകരണം. ആകെ ബജറ്റ് 23 ലക്ഷം രൂപ. (റിലീസിനു മുമ്പ് ഔട്ട് റൈറ്റ് കൊടുത്തപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് കിട്ടിയത് 27 ലക്ഷം രൂപയാണെന്ന് കിരീടം ഉണ്ണി ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.) വളരെ പരിമിതമായ സമയവും വിഭവങ്ങളും ഉപയോഗിച്ച് 1989ല്‍ നിര്‍മ്മിച്ച സിനിമ ഇന്നും കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക സ്മരണയില്‍ ഒളിമങ്ങാതെ നിലകൊള്ളുന്നു.

ദേശീയ ചലച്ചിത്ര വികസനകോര്‍പ്പറേഷനും നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സും ചെന്നൈയിലെ പ്രസാദ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് 4K ഡോള്‍ബി അറ്റ്‌മോസില്‍ പുനരുദ്ധരിച്ച പതിപ്പാണ് തിയേറ്ററിലത്തെുന്നത്.
37 വര്‍ഷങ്ങള്‍ക്കുശേഷം ബിഗ് സ്‌ക്രീനില്‍ കിരീടത്തിന്റെ ക്രെഡിറ്റ് ടൈറ്റിലുകള്‍ വീണ്ടും തെളിയുമ്പോള്‍ നാം കൈയടിക്കും. പക്ഷേ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന ആ ഹര്‍ഷാരവങ്ങള്‍ കേള്‍ക്കാന്‍ 17 പേരുണ്ടാവില്ല. ലോഹിതദാസ്, തിലകന്‍, മുരളി, ജോണ്‍സണ്‍, കീരിക്കാടന്‍ ജോസിനെ അനശ്വരനാക്കിയ മോഹന്‍രാജ്, കവിയൂര്‍ പൊന്നമ്മ, ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കൊച്ചിന്‍ ഹനീഫ, മാമുക്കോയ, ഫിലോമിന, തിക്കുറിശ്ശി, കനകലത, ശ്രീനാഥ്, ജോണി,…മഴനീര്‍ക്കിനാവായ് മറഞ്ഞവര്‍.

പക്ഷേ അവര്‍ എവിടെയും പോയിട്ടില്ലല്‌ളോ. മരണം മനുഷ്യരെ മാത്രമല്‌ളേ കൊണ്ടുപോവുന്നുള്ളൂ. കാലാതിവര്‍ത്തിയായ കല അവര്‍ക്കെന്നും പുതുജീവന്‍ പകരുമല്‌ളോ. പുനരുദ്ധരിച്ച പതിപ്പിന്റെ ഓരോ പ്രദര്‍ശനത്തിലും പ്രേക്ഷകരുടെ കണ്ണില്‍ പുതുചൈതന്യത്തോടെ അവര്‍ പുനര്‍ജനിക്കും.

മലയാളത്തിന്റെ പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ആണ് ‘കിരീട’ത്തിന് നിമിത്തമായത്. ഈ പടത്തിന്റെ പിറവിയെക്കുറിച്ച് ഒരഭിമുഖത്തില്‍ സിബി മലയില്‍ ഇങ്ങനെ പറഞ്ഞു: ”ഞാനും ലോഹിയും ആദ്യമായി ഒരുമിച്ച തനിയാവര്‍ത്തനം റിലീസ് ആയത് 1987 ജൂലൈ മാസത്തിലാണ്. പ്രേക്ഷകപ്രതികരണം അറിയാന്‍ ഞങ്ങള്‍ എറണാകുളത്ത് ഒരു ഹോട്ടലില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. എല്ലായിടത്തുനിന്നും മികച്ച പ്രതികരണങ്ങളാണ് കിട്ടിയത്. അതെല്ലാം നിര്‍മ്മാതാക്കളും വിതരണക്കാരും ഞങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. അന്ന് വൈകിട്ട് ഫസ്റ്റ് ഷോ കണ്ടതിനുശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാട് ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ വന്നു. തനിയാവര്‍ത്തനം കണ്ടതിന്റെ ആവേശപൂര്‍വമായ പ്രതികരണം അറിയിക്കാനാണ് വന്നത്. ആ സിനിമ തന്നെ വളരെയേറെ സ്വാധീനിച്ചുവെന്നും ചുള്ളിക്കാട് പറഞ്ഞു. സംസാരിച്ചിരിക്കുന്നതിനിടെ തന്റെ മനസ്സിലൊരു കഥയുണ്ട്, നിങ്ങള്‍ രണ്ടുപേരും കൂടി ചെയ്താല്‍ നന്നാവും എന്നും പറഞ്ഞു. പ്രതാപകാലം അസ്തമിച്ച ഒരു ഗുണ്ടയുടെ കഥയാണ് ചുള്ളിക്കാട് പറഞ്ഞത്. വീണുപോയ ഗുണ്ടയുടെ കഥ എപ്പോഴെങ്കിലും ചെയ്യാമെന്ന് ഞങ്ങള്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുശേഷം ചുള്ളിക്കാട് എന്നെ വിളിച്ചു. ഇതേ കഥ താന്‍ സംവിധായകന്‍ ഹരികുമാറിനോട് പറഞ്ഞിരുന്നു, അദ്ദേഹത്തിന് അതില്‍ താല്‍പ്പര്യമുണ്ട്, നിങ്ങള്‍ അത് ചെയ്യുന്നില്‌ളെങ്കില്‍ കഥ ഞാന്‍ അദ്ദേഹത്തിന് കൊടുക്കട്ടെ എന്ന് ചോദിച്ചു. ഞാന്‍ ലോഹിയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. നമ്മുടെ കഥ ഇതല്‌ളെന്നും ഒരു ഗുണ്ട എങ്ങനെ രൂപപ്പെടുന്നുവെന്ന ആശയത്തിലാണ് തന്റെ ചിന്തയെന്നും ലോഹി പറഞ്ഞു. ചുള്ളിക്കാടിന്റെ കഥ ‘ഊഴം’ എന്ന പേരില്‍ 1988ല്‍ സിനിമയായി. ഞങ്ങള്‍ ആലോചിക്കുന്ന കഥയുമായി ഒരു സാമ്യവുമില്‌ളെന്ന് ഉറപ്പിക്കാന്‍ ഞാനും ലോഹിയും തിയേറ്ററില്‍ പോയി ‘ഊഴം’ കണ്ടു. ആ സമയത്താണ് കൃഷ്ണകുമാര്‍ എന്ന ഉണ്ണിയും ദിനേശ് പണിക്കരും ഒരു മോഹന്‍ലാല്‍ സിനിമ നിര്‍മ്മിക്കാനുള്ള പ്രോജക്റ്റുമായി വന്നത്”
(Trivia: സിബി-ലോഹി ടീമിന്റെ രണ്ടാമത്തെ ചിത്രമായ ‘എഴുതാപ്പുറങ്ങളി’ല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ചുള്ളിക്കാടായി തന്നെ അഭിനയിച്ചിട്ടുണ്ട്. ‘പിറക്കാത്ത മകന്’ എന്ന വിഖ്യാത കവിത ഏതാണ്ട് മുഴുവനായി തന്നെ ചൊല്ലുന്നുമുണ്ട്.)

‘കിരീട’ത്തിന്റെ കഥ ഉരുവംകൊണ്ട വിധം ‘കഥയുടെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തില്‍ (കറന്റ് ബുക്‌സ് തൃശൂര്‍) ലോഹിതദാസ് എഴുതിയിട്ടുണ്ട്: ”പണ്ട് ഞങ്ങളുടെ പ്രദേശത്ത് ധാരാളം റൗഡികള്‍ ജീവിച്ചിരുന്നു. അവരില്‍ പലരും നിത്യജീവിതത്തില്‍ സാധാരണ മനുഷ്യരെപ്പോലെ വലിയ സ്‌നേഹമുള്ളവരായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പ്രതിയോഗികളുമായി ഏറ്റുമുട്ടുമ്പോള്‍ അവര്‍ കാട്ടുമൃഗങ്ങളെപ്പോലെ നിഷ്ഠുരന്മാരാവുന്നു. കഴുത്തുവെട്ടുകയും ഹൃദയം കുത്തിക്കീറുകയും ചെയ്യുന്നു. ഒരു റൗഡിയെ റോഡുവക്കില്‍ കുത്തിപ്പിളര്‍ന്നിട്ടിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ചാലക്കുടിയിലെ കുപ്രസിദ്ധനായ റൗഡിയായിരുന്നു കേശവന്‍. പലരെയും കൊന്നിട്ടുണ്ട്, കൈവെട്ടിയിട്ടുണ്ട്. കേശവന്‍ ഒരു കടയിലേക്ക് കയറിവന്നാല്‍ മുതലാളി പോലും എഴുന്നേല്‍ക്കും. ചാരായഷാപ്പിലും കള്ളുഷാപ്പിലുമൊക്കെ എല്ലാവരും എഴുന്നേറ്റുനിന്ന് കേശവനെ ബഹുമാനിക്കും. ഒരിക്കല്‍ തിരുവനന്തപുരത്തുനിന്ന് വന്ന് മുരിങ്ങൂരില്‍ താമസമാക്കിയ ഒരു ആശാരി വൈകീട്ട് പണിയും കഴിഞ്ഞ് ചാലക്കുടി ഷാപ്പില്‍ കയറി ഒരു കുടം കള്ളും തൊട്ടുനക്കാന്‍ കറിയും പറഞ്ഞു. ഒരു ഗ്‌ളാസ് കള്ളു മോന്തി തൊടുകറിയുടെ എരിവ് ആസ്വദിച്ചുകൊണ്ട് മടിക്കുത്തില്‍നിന്നും ഒരു ബീഡി കത്തിച്ച് പുകയൂതി അങ്ങനെയിരിക്കുമ്പോള്‍ അടുത്ത ബെഞ്ചുകളില്‍ ഇരുന്ന് കള്ളുകുടിച്ചുകൊണ്ടിരുന്നവരില്‍ പലരും നിശ്ശബ്ദരാവുകയും എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യുന്നത് ആശാരി കണ്ടു. ആരോ ഒരാള്‍ വാതില്‍ കടന്ന് അകത്തുവന്ന് നില്‍ക്കുന്നതും കണ്ടു. അടുത്ത ഗ്‌ളാസ് നിറയ്ക്കാമെന്നു വിചാരിക്കുമ്പോഴേക്കും കുടത്തിലിരുന്ന കള്ള് മുഴുവന്‍ ആരോ അയാളുടെ മുഖത്തേക്ക് ഒഴിച്ചു. ആശാരിക്ക് ദേഷ്യവും സങ്കടവും വന്നു. പണിസഞ്ചിയില്‍ നിന്ന് കൊട്ടുവടിയെടുക്കലും അടിയും അടിയും വളരെപ്പെട്ടന്നായിരുന്നു. തലയ്ക്കു തന്നെ അടിയേറ്റ ആഗതന്‍ വെട്ടിയിട്ട വാഴപോലെ ബോധം മറഞ്ഞ് മലര്‍ന്നടിച്ചുവീണു. പരിഭ്രമത്തോടെ ആശാരി നില്‍ക്കുമ്പോള്‍ ആരോ വിളിച്ചുപറയുന്നത് കേട്ടു. ”കേശവന്‍ വീണു, റൗഡി കേശവന്‍ വീണു.” ആശാരിയുടെ മനസ്സിലൊരു കൊള്ളിയാന്‍ മിന്നി. കേശവനെയാണ് താന്‍ അടിച്ചുവീഴ്ത്തിയിരിക്കുന്നത്. വെള്ളികുളങ്ങരയില്‍ ഒരാളെ വെട്ടിക്കൊന്ന കേശവന്‍. പോലീസുകാരെ തല്ലിയ കേശവന്‍. മാര്‍ക്കറ്റില്‍ അടിയുണ്ടാക്കിയ കേശവന്‍.
പിറ്റേന്നു രാവിലെ ആശാരിയും കുടുംബവും അവിടെ നിന്ന് പലായനം ചെയ്തു. ഇയാള്‍ ഒളിച്ചുപോവാതെയിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുനോക്കൂ-എന്തെല്ലാം ദുരന്തങ്ങള്‍ പാവം അനുഭവിക്കേണ്ടി വരുമായിരുന്നു. ഇതാണ് സേതുമാധവന്റെ കഥയുടെ വിത്ത്. കീരിക്കാടന്‍ ജോസിനെ അടിച്ചുവീഴ്ത്തിയപ്പോള്‍ സമൂഹം അയാളുടെ തലയില്‍ ഒരു കിരീടം വെച്ചുകൊടുത്തു. തട്ടിമാറ്റിയിട്ടും അകന്നുപോവാത്ത ഒരു മുള്‍ക്കിരീടം.
കിരീടത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നത് ആറു ദിവസം കൊണ്ടാണ്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഞാനെഴുതി പൂര്‍ത്തിയാക്കിയ അപൂര്‍വം തിരക്കഥകളില്‍ ഒന്നാണ് കിരീടം’
കിരീടത്തിന്റെ നിര്‍മ്മാണവേളയില്‍ നിര്‍മ്മാതാക്കളും മറ്റും എന്റെ കാഴ്ചപ്പാടുകളോട് യോജിപ്പുള്ളവരായിരുന്നില്ല. മോഹന്‍ലാല്‍ എന്ന നായകന്റെ ഇമേജിന് ചേരുന്നവനല്ലത്രെ സേതുമാധവന്‍. മോഹന്‍ലാല്‍ ഭയന്നോടാന്‍ പാടില്ല. ലാലിന്റെ ആരാധകര്‍ സമ്മതിക്കില്ലത്രെ. ‘കിരീട’ത്തിന്റെ അവസാനഭാഗങ്ങള്‍ മാറ്റിയെഴുതണമെന്ന് നിര്‍ദേശമുണ്ടായി. ഞാനതിനു തയാറല്ലായിരുന്നു. എന്നും എല്ലായിടത്തും ജയിക്കുന്ന നായകനെ എനിക്ക് ഉള്‍ക്കൊള്ളാനാവില്ല. കാരണം എന്റെ നായകന്മാര്‍ എന്റെ പ്രതിനിധികളാണ്. ഞാന്‍ പടയിലും പന്തയത്തിലും തോറ്റുപോവുന്നവനാണ്.” (കഥയുടെ കാണാപ്പുറങ്ങള്‍ പേജ് 41 -43)

ശരിയാണ്….
ജീവിതത്തിന്റെ സമരമുഖങ്ങളിലെല്ലാം തോറ്റുപിന്‍മാറുന്ന നിരായുധരായ പോരാളികളാണ് ലോഹിതദാസിന്റെ കഥാപാത്രങ്ങള്‍. തലമുറകളായി തറവാടിന്റെ ശാപമായ അന്ധവിശ്വാസത്തിനെതിരെ ഒരു വാക്കുപോലും ഉരിയാടാനാവാതെ ബാലന്‍മാഷ് വിഷവും വാല്‍സല്യവും ചേര്‍ത്ത് കുഴച്ചുരുട്ടിയ ഒരുരുളച്ചോറിലൊടുങ്ങുന്നു. സമൂഹത്തിന്റെ അടുത്ത വേട്ടമൃഗമായ അയാളുടെ കുഞ്ഞുമകന്‍ ഉറഞ്ഞുതുള്ളുന്ന മുടിയേറ്റുകാളിയുടെ മുന്നില്‍ കണ്‍മിഴിച്ച് തന്റെ ജന്മദീര്‍ഘമായ ദുര്‍വിധി കാത്തു നില്‍ക്കുന്നു. പേടിക്കാഴ്ചകളില്‍പ്പെട്ട വിദ്യാധരന്‍ പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ പോലുമാവാതെ ഇണപ്പാമ്പുകള്‍ പകയുമായി പതിയിരിക്കുന്ന ഇടവഴിയിലേക്ക്, കടവാവലുകളുടെ ഭീതിദമായ ചിറകടികളിലേക്ക് മടങ്ങുന്നു. കരയ്ക്കും തുറയ്ക്കും വേണ്ടാതായ അച്ചുട്ടി, കാലിലൊരു വെണ്‍നുര വന്ന് തലോടുമ്പോള്‍ ‘കണ്ടോ കടലമ്മ വിളിക്കുകയാണ്’ എന്നു പറഞ്ഞ് എല്ലാം വിട്ടെറിഞ്ഞ് ആ അപാരതയിലേക്ക് മടങ്ങുന്നു. അളവറ്റ സമ്പത്തുണ്ടായിട്ടും ഒരു കുഞ്ഞിനെ സ്വന്തമാക്കാനാവാത്ത രാജീവ് മേനോന്‍ ഒന്‍പതുമാസം കണ്ട സ്വപ്നം ഒറ്റനിമിഷത്തില്‍ തകര്‍ന്നപ്പോള്‍ ആഡംബരസൗധത്തിന്റെ കനത്ത ഏകാന്തതയിലേക്ക്, അതിന്റെ ആന്തരികശൂന്യതയിലേക്ക്, കുട്ടിക്കാലം തൊട്ടുള്ള തന്റെ കടുത്ത അനാഥത്വത്തിലേക്ക് മടങ്ങുന്നു. പുലിയെ പിടിക്കാന്‍ വന്ന് ഒരു നാടിന്റെ മൃഗയാവിനോദങ്ങളാല്‍ വേട്ടയാടപ്പെട്ട വാറുണ്ണി വിലങ്ങിന് കൈനീട്ടിക്കൊടുക്കുന്നു. ആരും എവിടെയും ജയിക്കുന്നില്ല. അവര്‍ക്ക് ആയുധങ്ങളെന്നും പോരാതെ വരുന്നു. നോക്കി നില്‍ക്കെ സേതുമാധവന്റെ ജീവിതം കൈക്കുമ്പിളിലെ ജലം പോലെ ചോര്‍ന്നുപോവുന്നു. നോക്കൂ, ആയുധം കൈയില്‍ കിട്ടിയിട്ടും കത്തി താഴെയിടാനുള്ള അച്ഛന്റെ ആജ്ഞ അവനെ നിരായുധനും നിരാലംബനും നിസ്സഹായനുമാക്കുന്നു. കഥാപാത്രങ്ങളെല്ലാം ശിഷ്ടകാലം സസുഖം വാണു എന്ന് കഥയവസാനിപ്പിച്ച് പ്രേക്ഷര്‍ക്ക് മോഹമുക്തി നല്‍കാന്‍ ലോഹിതദാസിന് കഴിയുമായിരുന്നില്ല. അതിനാല്‍ നെഞ്ചില്‍ കൊളുത്തിവലിക്കുന്ന ഒരു വേദന ബാക്കിവെച്ച് അവര്‍ നമ്മെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് സേതുമാധവന്‍ ഇപ്പോഴും വെള്ളായണിയിലെ ആ പാലത്തിന്റെ കൈവരിയിലോ ലോക്കപ്പിന്റെ ചുമരിനോട് ചാരിയിരുന്നോ നമ്മെ നോക്കി വിതുമ്പുന്നതായി നമുക്ക് തോന്നുന്നത്.

കെ.ജി ജോര്‍ജ്, ‘ലോഹിതദാസ്: ഓര്‍മ്മ, പഠനം, സംഭാഷണം’ എന്ന പുസ്തകത്തില്‍(ഒലിവ് ബുക്‌സ്, 2014) ഇങ്ങനെ എഴുതി: ”കിരീടം എന്ന സിനിമയുടെ തിരക്കഥയെഴുതാന്‍ ലോഹിതദാസ് ഒരുങ്ങുന്ന കാലം. തിരക്കഥയിലേക്കു കടക്കുന്നതിനു മുമ്പ് കഥാതന്തു ഞാനുമായി ചര്‍ച്ച ചെയ്യാന്‍ ലോഹിതദാസ് ആഗ്രഹം പ്രകടിപ്പിച്ചു. എനിക്കതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ലോഹിതദാസ് തന്നെ മുന്‍കൈയെടുത്ത് അതിന് സന്ദര്‍ഭമുണ്ടാക്കി. ആ ചര്‍ച്ചാവേളയില്‍ സന്ദേഹിയായ ഒരു തിരക്കഥാകാരനെയല്ല, താന്‍ സഞ്ചരിക്കേണ്ട വഴികളെക്കുറിച്ചും തനിക്ക് പകര്‍ത്തുവാനുള്ള ജീവിതപരിച്ഛേദത്തെ കുറിച്ചും വ്യക്തമായ ബോധ്യവും രൂപവുമുള്ള എഴുത്തുകാരനെ തന്നെയാണ് ഞാന്‍ ലോഹിതദാസില്‍ കണ്ടത്. ലോഹിക്ക് ആവശ്യം ഒരു സൗണ്ടിംഗ് ബോര്‍ഡില്‍നിന്നുള്ള ബൗണ്‍സിംഗ് ആയിരുന്നു. യോജിക്കാനും വിയോജിക്കാനും മടി കൂടാതെ സ്വാതന്ത്ര്യമുപയോഗിക്കുന്ന ഒരു പ്രതിഭാവമായിരുന്നു. അത് ലഭിച്ചതില്‍ ലോഹിതദാസ് സംതൃപ്തനുമായിരുന്നുവെന്ന് തോന്നുന്നു.” (പേജ് 25)

മനസ്സില്‍ രൂപംകൊണ്ട കഥ എത്രത്തോളം ശക്തമാണെന്ന് സ്വയം ബോധ്യപ്പെടാന്‍ ലോഹിതദാസ് കെ.ജി. ജോര്‍ജ് എന്ന മാസ്റ്റര്‍ സംവിധായകനെ ഒരു ‘സൗണ്ടിംഗ് ബോര്‍ഡ്’ ആക്കുകയായിരുന്നു. താന്‍ എറിയുന്ന ചിന്തകള്‍ക്ക് ജോര്‍ജില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ (Bouncing) കഥയുടെ ആഴം കൂട്ടാന്‍ സഹായിക്കുമെന്ന് ലോഹി വിശ്വസിച്ചു. ആറു ദിവസത്തെ എഴുത്ത് എന്ന എടുത്തുചാട്ടത്തിനു പിന്നില്‍ ഇതുപോലുള്ള സൃഷ്ടിപരമായ സംവാദങ്ങളും സര്‍ഗാത്മകമായ ആദാനപ്രദാനങ്ങളുമുണ്ടായിരുന്നുവെന്നതിന്റെ ചരിത്രരേഖയാണ് കെ.ജി ജോര്‍ജിന്റെ ആ ഓര്‍മ്മക്കുറിപ്പ്.

സന്തോഷ് ഏച്ചിക്കാനവുമായുള്ള അഭിമുഖത്തില്‍ (മാതൃഭൂമി വാര്‍ഷികപ്പതിപ്പ് 2006) ലോഹിതദാസ് പറഞ്ഞു: ”എന്റെ നാട്ടില്‍ പണ്ട് ഒരുപാട് റൗഡികള്‍ ഉണ്ടായിരുന്നു. ബാര്‍ബര്‍ഷാപ്പിലൊക്കെ വന്ന് തമാശകള്‍ പറയുന്ന അവരെ കണ്ടാല്‍ കൊലയാളികള്‍ ആണെന്നേ തോന്നില്ല. ഒരു ദിവസം ഒരു ഗുണ്ടയെ ഷേവ് ചെയ്തുകൊണ്ടിരിക്കെ ബാര്‍ബറുടെ കത്തി അയാളുടെ കഴുത്തിലെ കുറ്റിരോമങ്ങളിലൂടെ നീങ്ങിയതും റൗഡി കൈയില്‍ കയറിപ്പിടിച്ചു. ”മതി…” അയാള്‍ ബാര്‍ബറോട് പറഞ്ഞു. റൗഡിയുടെ മുഖത്ത് ദയനീയമായ ഒരു ഗൗരവം ഞാന്‍ കണ്ടു. ഏതൊരു ആയുധത്തിന്റെ വായ്ത്തലയെയും സംശയിച്ച് മരണത്തെ ഏതു നിമിഷവും പ്രതീക്ഷിച്ചുകൊണ്ടുള്ള ഒരു മനുഷ്യന്റെ ജീവിതം എന്നെ വല്ലാതെ സ്പര്‍ശിച്ചു. എനിക്ക് അപ്പോഴുണ്ടായ വികാരത്തിന്റെ പത്തിലൊന്നുപോലും കിരീടത്തിലോ ചെങ്കോലിലോ കൊണ്ടുവരാന്‍ എനിക്ക് പറ്റിയിട്ടില്ല.” ലോഹിതദാസ് ഇവിടെ പറയുന്നത് ഹിംസയുടെ മന$ശാസ്ത്രമാണ്. മറ്റുള്ളവരെ ഭയപ്പെടുത്തുന്ന മനുഷ്യന്‍, യഥാര്‍ത്ഥത്തില്‍ എല്ലാവരെയും ഭയന്നാണ് ജീവിക്കുന്നത് എന്ന വൈരുധ്യമാണ് അദ്ദേഹത്തെ സ്പര്‍ശിക്കുന്നത്. ബാര്‍ബറുടെ കത്തിയില്‍ കയറിപ്പിടിക്കുന്ന റൗഡിയുടെ ആ ദ്രുതചലനത്തില്‍ ലോഹിതദാസ് ഒരു ജീവിതം വായിച്ചെടുക്കുന്നു. ഒരു സംഭവത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മനുഷ്യന്റെ ആന്തരികസംഘര്‍ഷങ്ങളെ പകര്‍ത്താനുള്ള കഴിവ് ഇതില്‍ കാണാം.

സിബി മലയില്‍ എന്ന ക്രാഫ്റ്റ്‌സ്മാന്‍ മാധ്യമപരമായ കൈയടക്കം ഏറെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് വികാരതീവ്രമായ മുഹുര്‍ത്തങ്ങള്‍ ഒരുക്കുന്നതിലാണ്. തനിയാവര്‍ത്തനം, എഴുതാപ്പുറങ്ങള്‍, കിരീടം, ഭരതം, ദശരഥം, സദയം എന്നിവ അതിന് ഉത്തമദൃഷ്ടാന്തങ്ങള്‍. ലോഹിയും എം.ടിയും കടലാസില്‍ എഴുതിയ വികാരങ്ങള്‍ക്ക് ദൃശ്യരൂപം നല്‍കുമ്പോള്‍ അതിന്റെ ഡോസ് ഏതളവില്‍ വേണമെന്ന് കൃത്യമായി അറിയാവുന്ന കെമിസ്റ്റ് ആണ് സിബി മലയില്‍. അതിഭാവുകത്വം കലര്‍ന്ന ഗാര്‍ഹികനാടകങ്ങളിലേക്ക് വഴുതിവീഴാവുന്ന കഥാസന്ദര്‍ഭങ്ങളെ അസാമാന്യമായ കൈയൊതുക്കത്തോടെ അദ്ദേഹം തീക്ഷ്ണമായി നമ്മെ അനുഭവിപ്പിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിന്റെയും അഭിനയത്തിന്റെയും നിയന്ത്രിതമായ ഉപയോഗം, ഇരുളും വെളിച്ചവും കലര്‍ന്ന ഫ്രെയിമുകള്‍, നിശ്ശബ്ദതയുടെ സമര്‍ത്ഥമായ ഉപയോഗം എന്നിവയിലൂടെ ഈ സിബി മലയില്‍ ചിത്രങ്ങള്‍ മെലോഡ്രാമയുടെ അതിരുകളില്‍നിന്നുകൊണ്ട് അതിനെ അതിലംഘിക്കുന്ന ചലച്ചിത്രാനുഭവങ്ങളായി മാറുന്നു. അച്ഛന്‍ സേതുമാധവനെ ലോക്കപ്പിലിട്ട് മര്‍ദിക്കുന്ന, ഇരുളും വെളിച്ചവും നിശ്ശബ്ദതയും നിറഞ്ഞ ആ രംഗം വല്ലാത്ത ഹൃദയഭാരത്തോടെയേ കണ്ടിരിക്കാനാവൂ.

മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച പ്രകടനമായിരുന്നു ഇത്. പ്രതീക്ഷകളുടെയും സാമൂഹിക സമ്മര്‍ദങ്ങളുടെയും ഇടയില്‍ പതിയെ തകര്‍ന്നുപോകുന്ന ഒരു സാധാരണ മനുഷ്യന്റെ ആന്തരിക ജീവിതത്തെയും അതിന്റെ തകര്‍ച്ചയെയും സൂക്ഷ്മതയോടെയും നിയന്ത്രിതമായ ശരീരഭാഷയിലൂടെയും അവതരിപ്പിച്ചതിനുള്ള അംഗീകാരമായിരുന്നു അത്. അതുവരെ മലയാള സിനിമയിലുണ്ടായിരുന്ന നായക സങ്കല്‍പ്പങ്ങളുടെ നാടകീയതയെ പൂര്‍ണ്ണമായും ഉടച്ചുവാര്‍ത്തുകൊണ്ടാണ് മോഹന്‍ലാല്‍ സേതുമാധവനെ അവതരിപ്പിച്ചത്. ഒരു സാധാരണ യുവാവിന്റെ നിസ്സഹായാവസ്ഥയും പ്രണയവും ഭയവും പ്രതിരോധവും അതിജീവനവുമെല്ലാം ലാലിന്റെ പകര്‍ന്നാട്ടത്തില്‍ തെളിഞ്ഞുകണ്ടു. ചോരപുരണ്ട കത്തിയുമായി അച്ഛന്റെ മുന്നില്‍ നില്‍ക്കുന്ന ആ കൈ്‌ളമാക്‌സ് രംഗം, അവസാനത്തെ ആ ആര്‍ത്തനാദം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്.

വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങളെ തീക്ഷ്ണമായി അവതരിപ്പിച്ച സിനിമയാണ് ‘കിരീടം’. ഈ ചിത്രത്തിലെ യഥാര്‍ത്ഥ വില്ലന്‍ കീരിക്കാടന്‍ ജോസ് അല്ല. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയാണ്. നിയമം, പോലീസ്, കുടുംബം എന്നീ സാമൂഹിക സ്ഥാപനങ്ങളെല്ലാം തന്നെ വ്യക്തിയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു. ഒരു നിമിഷത്തെ വൈകാരികപ്രതികരണത്തിന്റെ പേരില്‍ ജീവിതം കൈവിട്ടുപോയ സേതുമാധവനെ ചേര്‍ത്തുപിടിക്കുന്നതില്‍ സിസ്റ്റം പരാജയപ്പെടുന്നു. സമൂഹം എങ്ങനെയാണ് ഒരു വ്യക്തിയുടെ സ്വത്വം അഥവാ ഐഡന്റിറ്റി നിര്‍മ്മിച്ചെടുക്കുന്നത് എന്ന് വരച്ചുകാട്ടുകയാണ് ‘കിരീടം’ ചെയ്തത്. വീണ്ടെടുക്കാനാവാത്ത സ്വന്തം ഐഡന്റിറ്റിയുടെ പൂര്‍ണമായ ശിഥിലീകരണമാണ് സേതുമാധവനെ അവസാനത്തെ ആ ഉള്ളുലയ്ക്കുന്ന ആ കരച്ചിലില്‍ എത്തിക്കുന്നത്. പ്രേക്ഷകന്റെ ലോലവികാരങ്ങളെ വിലകുറഞ്ഞ രീതിയില്‍ ചൂഷണം ചെയ്യാതെ, ആ വികാരങ്ങള്‍ക്ക് ശക്തമായ സാമൂഹികവും മന$ശാസ്ത്രപരവും ദാര്‍ശനികവുമായ അടിത്തറ നിര്‍മ്മിക്കുകയായിരുന്നു ഈ സിനിമ. ആണത്തത്തെ ആഘോഷിച്ച എണ്‍പതുകളിലെ രാജാവിന്റെ മകന്‍, ആര്യന്‍ തുടങ്ങിയ ഒട്ടനവധി നായകകേന്ദ്രിത മുഖ്യധാരാ സിനിമകളെ തിരുത്തിക്കൊണ്ട് ആണത്തത്തിന്റെ പലവിധ ദൗര്‍ബല്യങ്ങളെ ‘കിരീടം’ ഉയര്‍ത്തിക്കാട്ടി.

ഇടത്തൊണ്ടയിലൊരു വിങ്ങലായുണ്ട് ജോണ്‍സണ്‍ മാഷിന്റെ ഈണം. ‘കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി’ എന്ന ഗാനരംഗം കാണുമ്പോഴൊക്കെ എനിക്ക് കുട്ടിക്കാലത്തു വന്ന കരച്ചില്‍ ഇപ്പോഴും വരും.
കിരീടത്തിന്റെ പ്രിവ്യൂവിനിടെ ഈ ഗാനരംഗം ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞതായി ജോണ്‍സണ്‍ പറഞ്ഞതിനെക്കുറിച്ച് രവി മേനോന്‍ ഈയിടെ എഴുതിയിട്ടുണ്ട്. ”സേതുമാധവന്റെ ആത്മസംഘര്‍ഷം എത്ര തീവ്രമായാണ് ആ ഗാനം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. തിയേറ്ററിലെ ഇരുട്ടില്‍ ഇരുന്ന് മനസ്സ് കൊണ്ട് നമിച്ചുപോയി ലോഹിതദാസിനെ. ലോഹിയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ആ പാട്ടും ഉണ്ടാവില്ലായിരുന്നല്‌ളോ….” എന്ന് ജോണ്‍സണ്‍ പറഞ്ഞു. ലോഹിതദാസ് വിവരിച്ചു കൊടുത്ത മറ്റൊരു സിറ്റുവേഷന്‍ മനസ്സില്‍ കണ്ടു സൃഷ്ടിച്ച ഈണമാണത്. ഇന്ന് നമ്മള്‍ കേള്‍ക്കുന്ന മട്ടിലല്ല. കുറെ കൂടി ഫാസ്റ്റ് ആയി, ഫോക് ശൈലിയില്‍. ചെണ്ടയുടെ ദ്രുതതാളമൊക്കെ പശ്ചാത്തലത്തില്‍ വരുന്ന ഒരു ഗാനമായിരുന്നു എന്റെ സങ്കല്‍പ്പത്തില്‍. എന്നാല്‍, ഈണം മൂളിക്കേള്‍പ്പിച്ചപ്പോള്‍ ലോഹി പ്‌ളാന്‍ മാറ്റി. ഇതേ ട്യുണ്‍ വേഗത കുറച്ചു മെലോഡിയസ് ആയി ഒന്ന് പാടി കേള്‍ക്കട്ടെ എന്നായി അദ്ദേഹം. ഒരു താരാട്ടിന്റെ ഫീല്‍ ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.” ആ നിര്‍ദേശം തനിക്കത്ര രുചിച്ചില്ല എന്ന് ജോണ്‍സണ്‍ തുറന്നു പറഞ്ഞു. ”മനസ്സില്ലാമനസ്സോടെ ആണ് ഞാന്‍ ആ ഈണം മന്ദഗതിയിലാക്കി ലോഹിയെ പാടി കേള്‍പ്പിച്ചത്. കഴിയുന്നത്ര ഫീല്‍ കൊടുക്കാതെ പാടാനായിരുന്നു ശ്രമം. പുതിയ ട്യുണ്‍ എങ്ങാനും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു പോയാലോ? ‘ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ജോണ്‍സന്റെ കൈപിടിച്ചു കുലുക്കി തന്റെ സന്തോഷം പങ്കുവെക്കുക കൂടി ചെയ്തു ലോഹിതദാസ്. ”മതി. നമ്മുടെ പടത്തിലെ സേതുമാധവന്റെ പാട്ടാണിത്. ഈ ഈണത്തില്‍ അയാളുടെ മനസ്സിലെ വേദനയും വ്യാകുലതകളും ഒറ്റപ്പെടലും എല്ലാമുണ്ട്..” (രവി മേനാന്റെ ജൂലൈ ഒന്നിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്)
ഏകാകിയുടെ നിശ്ശബ്ദമായ നിലവിളികള്‍ക്ക് ചെവിയോര്‍ക്കുന്ന ആര്‍ദ്രമായ ആ ഈണമാണ് നാമിപ്പോള്‍ കേള്‍ക്കുന്നത്. എഴുത്തുകാരന്‍ സംഗീതജ്ഞനെ തിരുത്തിയുണ്ടാക്കിയ ഈണം.

‘കിരീടം’ പുതിയ തലമുറ തിയേറ്ററില്‍ തന്നെ കാണണം. സൂക്ഷ്മമായ വികാരങ്ങള്‍ തിയേറ്ററില്‍ മാത്രമേ കൃത്യമായി സംവേദനം ചെയ്യപ്പെടൂ.

എൻ പി സജീഷ്

ചലച്ചിത്രഅക്കാദമി പ്രോഗ്രാം വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ

https://www.facebook.com/share/p/1BYbC4hiY7/?mibextid=wwXIfr

Tags: 4K Dolby AtmosJohnson MasterKeerikkadan JoseKireedam 4K Re ReleaseLohithadasMalayalam Cinema ClassicMalayalam Movie NewsMohanlalNational Film AwardsSibi MalayilThilakan

RelatedPosts

Mohanlal and Priyadarshan's 1994 classic Thenmavin Kombathu returns to theatres worldwide on October 8 in restored 4K with Dolby Atmos audio.
Movie

പ്രിയദർശൻ–മോഹൻലാൽ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 4K ഡോൾബി അറ്റ്മോസിൽ; ഒക്ടോബർ 8-ന് ആഗോള റിലീസ്

Mentalist Aathi addressing a press conference in Dubai
Entertainment

മോഹൻലാലിനൊപ്പം 16 രാജ്യങ്ങളിൽ ഷോ; സ്വപ്നപദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ മെന്റലിസ്റ്റ് ആദി

ദേശീയ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലം’
Kerala

ദേശീയ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലം’

മുഹമ്മദ്കുട്ടി, വിധേയൻ ഭാസ്കര പട്ടേലർ, കാതൽ മാത്യു ദേവസി, മലയാള സിനിമ കോട്ടയം കുഞ്ഞച്ചൻ
Movie

ദി മാസ്റ്റർക്ലാസ്: സ്വയം പുതുക്കിപ്പണിത മഹാമേരു

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ; ‘ആർട്ടിക്കിൾ 370’ മികച്ച ചിത്രം, വൈക്കം വിജയലക്ഷ്മിക്ക് അവാർഡ്
Movie

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ; ‘ആർട്ടിക്കിൾ 370’ മികച്ച ചിത്രം, വൈക്കം വിജയലക്ഷ്മിക്ക് അവാർഡ്

Director Fasil Mohamed's Feminichi Fathima poster and Mammootty in Bhramayugam.
Movie

ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; ‘ഭ്രമയുഗ’ത്തിനും ‘അമരനും’ നേട്ടം

UAE airlines including Emirates, Etihad, flydubai, and Air Arabia cancel select flights to Riyadh, Abha, and Yanbu following operational disruptions. Check affected flights.
Travel

റിയാദ് വിമാനത്താവളത്തിൽ പ്രതിസന്ധി: യുഎഇയിൽ നിന്നുള്ള സൗദി വിമാന സർവീസുകൾ റദ്ദാക്കി

Dubai has enacted a law establishing the Dubai Orchestra Foundation to preserve Emirati heritage, develop regional talent, and boost creative industry investments.
Entertainment

ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷൻ നിലവിൽ വന്നു; ലക്ഷ്യം എമിറാത്തി പൈതൃക സംരക്ഷണവും സർഗ്ഗാത്മക സാമ്പത്തിക വളർച്ചയും

Global Food Week 2026 in Abu Dhabi closes with 97 commercial deals worth AED 6.9 billion and 47,000 visitors, advancing agritech and food security.
Business

അബുദാബി ഗ്ലോബൽ ഫുഡ് വീക്കിന് സമാപനം; 690 കോടി ദിർഹത്തിന്റെ റെക്കോർഡ് കരാറുകൾ

Dubai Holding Entertainment confirms a brand-new theme park, a fresh Global Village roller coaster, and 14 new Riverland attractions for the upcoming season.
Travel

പുതിയ തീം പാർക്കും റോളർ കോസ്റ്ററും ഒരുക്കാൻ ദുബായ് ഹോൾഡിങ് എൻ്റർടൈൻമെന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.