ന്യൂഡൽഹി: 2023ലെ മണിപ്പൂർ വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ സിബിഐക്ക് സുപ്രിംകോടതി നിർദേശം. 11 എഫ്‌ഐആറുകളാണ് സിബിഐ അന്വേഷിക്കുന്നത്.
സംസ്ഥാനത്തെ വംശീയ ആക്രമണത്തിന് ഇരയായവരുടെ പുനരധിവാസവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കോടതി നിയമിച്ച ജസ്റ്റിസ് ഗീത മിത്തൽ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവർ അടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനും മണിപ്പൂർ സർക്കാരിനും നിർദേശം നൽകി. കമ്മിറ്റിയുടെ കാലാവധി ജൂലൈ 31 വരെ നീട്ടുകയും ചെയ്തു.
ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ ഇടപെടൽ. കഴിഞ്ഞ ദിവസം ഉഖ്രുൽ ജില്ലയിലെ ലിതാൻ ഗ്രാമത്തിൽ ഉണ്ടായ അക്രമങ്ങളിൽ 24 വീടുകൾ കത്തിനശിച്ചതായി റിപ്പോർട്ടുണ്ട്. ജില്ലയിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനായുള്ള മുൻകരുതൽ നടപടിയായാണ് ഇന്റർനെറ്റ് നിരോധനമെന്ന് അധികൃതർ വ്യക്തമാക്കി. ഉഖ്രുൽ, കാംജോങ് ജില്ലകളിൽ കുകികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന താങ്കുൽ നാഗാ ഗോത്രത്തിന്റെ തീരുമാനമാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.
സമാധാനശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ കലാപം വ്യാപിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.










































