തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി നടത്തിയ ഹിയറിങ്ങും ബി.എൽ.ഒ തലത്തിലുള്ള ഫീൽഡ് സൂക്ഷ്മ പരിശോധനയും ശനിയാഴ്ചയോടെ പൂർത്തിയായി. കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായിരുന്നു അവസാന ഘട്ട നടപടികൾ പൂർത്തിയായത്.
സംസ്ഥാനത്തെ ആകെ 2.78 കോടി വോട്ടർമാരിൽ എൻയുമറേഷൻ ഫോം പൂരിപ്പിച്ച് തിരിച്ചേൽപ്പിച്ചത് 2.54 കോടി പേരാണ്. 24 ലക്ഷം പേരെ കണ്ടെത്താനാകാത്തവരായി കണക്കാക്കി കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെ പട്ടികയിലെ എണ്ണം 2.54 കോടിയായി ചുരുങ്ങി.
ഇതിൽ 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ രക്ഷിതാക്കളുടെ പേരോ ഇല്ലാത്തവരായി 19.32 ലക്ഷം പേരെ തിരിച്ചറിഞ്ഞിരുന്നു. ഇവർക്കാണ് നോട്ടീസ് നൽകി ഹിയറിങ്ങിന് വിളിച്ചത്. 19.32 ലക്ഷം പേരിൽ 40,000 പേരാണ് ഹിയറിങ്ങിലൂടെ പുറത്തായത്.
കമ്മീഷന്റെ പ്രാഥമിക കണക്കുപ്രകാരം, ഇതിൽ ഏകദേശം 4,000 പേർ എൻയുമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരാണ്. 1,700ഓളം പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 34,000 പേർ താമസം മാറിയവരുമാണ്.
ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള അവസാന തീയതിയായ ഡിസംബർ 30 വരെ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയാണ് ബി.എൽ.ഒമാർ പൂർത്തിയാക്കിയത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള അപേക്ഷകളുടെ പരിശോധനയും അവസാന ദിവസങ്ങളിൽ പ്രധാനമായും നടന്നു. ഡിസംബർ 30 വരെ അപേക്ഷ സമർപ്പിച്ചവർക്കാണ് 2026ലെ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാനുള്ള അർഹത. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും പേര് ചേർക്കാമെങ്കിലും എസ്.ഐ.ആർ പട്ടികയിലെ പ്രത്യേക വേയിറ്റേജ് ലഭിക്കില്ല.
കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജനുവരി 30 വരെ 11.47 ലക്ഷം പുതിയ അപേക്ഷകൾ ലഭിച്ചു. ഇതിൽ 1.46 ലക്ഷം പേർ പ്രവാസികളാണ്. കരട് പട്ടികയ്ക്ക് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 4.05 ലക്ഷം അപേക്ഷകൾ (32,925 പ്രവാസികൾ) ലഭിച്ചിരുന്നു. ഇതോടെ എസ്.ഐ.ആർ കാലയളവിൽ ആകെ ലഭിച്ച അപേക്ഷകൾ 15.52 ലക്ഷം ആയി. ഇതിൽ 1.50 ലക്ഷം പേർ പ്രവാസികളാണ്.
പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 17,348 പരാതികളും ഈ കാലയളവിൽ ലഭിച്ചതായി അധികൃതർ അറിയിച്ചു.










































