ദുബായ്: അറബ് പൗരനിൽ നിന്ന് 24 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നേരത്തെ കീഴ്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നുവെങ്കിലും പ്രോസിക്യൂഷന്റെ അപ്പീലിനെ തുടർന്ന് മേൽക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
യുവാവും യുവതിയും നിയമവിരുദ്ധമായി പണം തട്ടിയെടുത്തതായി തെളിയിക്കാൻ കഴിയില്ലെന്ന കാരണത്താൽ കീഴ്കോടതി പ്രതികളെ വെറുതെവിട്ടിരുന്നു. എന്നാൽ ഇരയെ കബളിപ്പിക്കാൻ ഗൂഢാലോചന നടന്നതിന്റെ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കുടുംബപ്പേരിലെ സാമ്യം ഉപയോഗിച്ച് എമിറേറ്റിലെ ഒരു പ്രമുഖ വ്യക്തിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചായിരുന്നു യുവതി വിശ്വാസം നേടിയത്. നൂറുകോടികൾ വിലമതിക്കുന്ന നിക്ഷേപങ്ങൾ തനിക്കുണ്ടെന്നും ലാഭകരമായ ബിസിനസ് നടത്താൻ കഴിവുണ്ടെന്നും അവകാശപ്പെട്ട് ഇരയെ വിശ്വസിപ്പിച്ചു.
ഇത് വിശ്വസിച്ച ഇര 24 ലക്ഷം ദിർഹം നിക്ഷേപമായി നൽകിയതായി പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. തെളിവുകൾ പരിശോധിച്ച മേൽക്കോടതി കീഴ്കോടതിയുടെ വെറുതെവിട്ട വിധി റദ്ദാക്കി പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു.










































