ന്യൂഡൽഹി: നിർമിത ബുദ്ധിയുടെ ഭാവി ചർച്ച ചെയ്യാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും നയരൂപകർത്താക്കളും ഒന്നിച്ചുകൂടുന്ന എഐ ഇംപാക്ട് ഉച്ചകോടിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. ആയിരക്കണക്കിന് പ്രതിനിധികളാണ് സമ്മേളന വേദിയിലെത്തിയത്.
നിർമിത ബുദ്ധിയുടെ വളർച്ചയിൽ ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. “ജനങ്ങൾ, ഭൂമി, വികസനം” എന്ന മൂന്ന് സന്ദേശങ്ങളാണ് സമ്മേളനത്തിന്റെ ആധാരചിന്ത.
അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ ഉൾപ്പെടെ 20 രാഷ്ട്രത്തലവന്മാർ വരും ദിവസങ്ങളിൽ ഉച്ചകോടിയിൽ പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം വേദി പങ്കിടും. രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയോടെ വെള്ളിയാഴ്ച ഉച്ചകോടി സമാപിക്കും.
70,000 ചതുരശ്ര മീറ്ററിൽ ഒരുക്കിയ പ്രദർശനമേഖലയിൽ ഓസ്‌ട്രേലിയ, ജപ്പാൻ, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങി 13 രാജ്യങ്ങളുടെ പവിലിയനുകൾ ഉൾപ്പെടെ 300-ലധികം സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. 45-ലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും യുഎൻ സെക്രട്ടറി ജനറലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കെടുക്കും.
ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടിയായി ഇത് മാറിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.









































