അബൂദബി: ചരക്കുഗതാഗത രംഗത്ത് വിപ്ലവകരമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്ന ഡ്രൈവറില്ലാ ട്രക്കുകളുടെ പരീക്ഷണ ഓട്ടത്തിന് അബൂദബിയിൽ തുടക്കമായി. Integrated Transport Centre (ഐ.ടി.സി)യുടെ നേതൃത്വത്തിലാണ് പൈലറ്റ് പദ്ധതി ആരംഭിച്ചത്. മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ആഗോള കമ്പനിയായ ഓട്ടോടെക്, എ.ഡി പോർട്സ് ഗ്രൂപ്പ് എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അബൂദബി ഇകണോമിക് മേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ട്രക്കുകൾ സർവീസ് ആരംഭിച്ചത്.
വ്യവസായ, ലോജിസ്റ്റിക്സ് മേഖലകളിൽ സ്വയം നിയന്ത്രിത ട്രക്കുകളുടെ കാര്യക്ഷമതയും സുരക്ഷയും വിലയിരുത്തുന്നതാണ് പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. അംഗീകൃത നിയന്ത്രണ ചട്ടക്കൂടുകൾക്കും പ്രവർത്തന മാനദണ്ഡങ്ങൾക്കും അനുസരിച്ച് കിങ് ഖലീഫ ഇകണോമിക് മേഖലയിലെ നിർദ്ദിഷ്ട റൂട്ടുകളിലൂടെയാണ് ട്രക്കുകൾ ഡ്രൈവറില്ലാതെ ഓടിയത്.
2025 മുതൽ ഐ.ടി.സിയുടെ മേൽനോട്ടത്തിൽ ഓട്ടോടെക് കമ്പനി നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത സ്വയം നിയന്ത്രിത ഡ്രൈവിങ് സംവിധാനങ്ങൾ വികസിപ്പിച്ചു വരികയായിരുന്നു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും പ്രവർത്തന കാര്യക്ഷമതയും ഉറപ്പുവരുത്തിയ ശേഷമാണ് ഇപ്പോൾ പരീക്ഷണ ഓട്ടം ആരംഭിച്ചത്.
ഈ പദ്ധതി എമിറേറ്റിലെ സ്മാർട്ട് ഗതാഗത രംഗത്തെ സുപ്രധാന നാഴികക്കല്ലാണെന്ന് ഐ.ടി.സി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ഹമദ് അൽഗഫേലി വ്യക്തമാക്കി. യാത്രാ ഗതാഗത സംവിധാനങ്ങൾക്കൊപ്പം ചരക്ക് ഗതാഗത മേഖലയിലും സ്വയം നിയന്ത്രിത സംവിധാനങ്ങൾ വ്യാപിപ്പിക്കാനുള്ള ദിശയിലാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ നാഷണൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് 2031ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും അബൂദബിയെ പ്രാദേശിക സാങ്കേതിക കേന്ദ്രമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
English Summary:
Abu Dhabi has launched a pilot project for driverless trucks under the supervision of the Integrated Transport Centre. Conducted in partnership with Autotech and AD Ports Group, the trial marks the first such initiative in the MENA region and aligns with the UAE National AI Strategy 2031.










































