ഷാർജ ∙ വേനൽ അവധികാലത്തെ തിരക്കു നേരിടാൻ ഷാർജ രാജ്യാന്തര വിമാനത്താവളം സജ്ജം. ജൂലൈ ഒന്നു മുതൽ 15 വരെ 8 ലക്ഷം യാത്രക്കാരെയാണു പ്രതീക്ഷിക്കുന്നതെന്നു ഷാർജ എയർപോർട്ട് അതോറിറ്റി (എസ്എഎ) അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനു തയാറെടുപ്പുകൾ പൂർത്തിയാക്കി. മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനു വിവിധ വകുപ്പുകൾ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.തിരക്കുള്ള സമയങ്ങളാണെങ്കിലും ഉയർന്ന സേവനത്തിലും സുരക്ഷയിലും വിട്ടുവീഴ്ചയുണ്ടാകില്ല. തിരക്കു മുന്നിൽ കണ്ടു യാത്രക്കാർ വിമാനം പുറപ്പെടുന്നതിനു 3 മണിക്കൂർ മുൻപു വിമാനത്താവളത്തിൽ എത്തണം. വീട്ടിൽ നിന്ന് എയർപോർട്ടിലേക്കു പോകുന്നതിനു മുൻപു വിമാനം പുറപ്പെടുന്ന സമയത്തെക്കുറിച്ച് ഉറപ്പുവരുത്തണം.ഓൺലൈൻ ചെക്ക്-ഇൻ, സ്മാർട്ട് കിയോസ്ക്, സിറ്റി ചെക്ക്–ഇൻ, സെൽഫ് ചെക്ക്–ഇൻ, ഏർലി ചെക്–ഇൻ, ഹോം ചെക്ക്–ഇൻ തുടങ്ങിയ സേവനം ഉപയോഗപ്പെടുത്തിയാൽ സമയം ലാഭിക്കാം. നേരത്തെ ലഗേജ് നൽകി ബോർഡിങ് പാസ് ലഭിക്കുന്നതിനാൽ എയർപോർട്ടിലെ ചെക്ക്-ഇൻ കൗണ്ടറിലെ വരിയിൽ നിൽക്കാതെ നേരെ എമിഗ്രേഷൻ കൗണ്ടറിലേക്കും പിന്നീടു സെക്യൂരിറ്റി ചെക്കിലേക്കും പോകാം. ഈ രണ്ടിടങ്ങളിലും ഉണ്ടാകാനിടയുള്ള തിരക്കു കൂടി കണക്കിലെടുത്താകണം എയർപോർട്ടിൽ എത്തേണ്ടത്.

അതാതു എയർലൈനുകളുടെ നിർദേശം ഉൾക്കൊണ്ട് ഹാൻഡ് ബാഗേജും ലഗേജും നിശ്ചിത പരിധിക്കകത്തു പാക്ക് ചെയ്യുകയും കാലാവധിയുള്ള യാത്രാ രേഖകളുമായി എയർപോർട്ടിൽ സമയത്ത് എത്തുകയും ചെയ്താൽ തടസ്സമില്ലാത്ത യാത്ര ആസ്വദിക്കാം.
ലഗേജ് തൂക്കം കൂടിയാൽ ഒന്നുകിൽ ഒഴിവാക്കുകയോ അല്ലെങ്കിൽ അധിക തുക അടയ്ക്കുകയോ ചെയ്യേണ്ടിവരും. എയർപോർട്ട് ജീവനക്കാർ നൽകുന്ന നിർദേശങ്ങൾ അവഗണിക്കരുത്. ആരോഗ്യസുരക്ഷാ നിയമങ്ങൾ യഥാവിധി പാലിക്കണം. യാത്രയ്ക്കു പൊതുഗതാഗത മാർഗം സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം