ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പട്ടിക ടി.വി.കെ പുറത്തിറക്കി. പാർട്ടി നേതാവും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
തിരുച്ചിറപ്പള്ളി ഈസ്റ്റ്, ചെന്നൈയിലെ പെരമ്പൂർ എന്നീ മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ശക്തിയായി ഉയർന്നുവരാൻ ശ്രമിക്കുന്ന ടി.വി.കെയുടെ ആദ്യ വലിയ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്.
ഇതിനിടെ, തിരഞ്ഞെടുപ്പിനെ മുന്നോടിയായി നടത്തിയ അഭിപ്രായ സർവേയിൽ ഡി.എം.കെ സഖ്യത്തിന് മുൻതൂക്കം പ്രവചിക്കുന്നു. 234 സീറ്റുകളിൽ 180 സീറ്റുകൾ നേടി ഡി.എം.കെ വീണ്ടും അധികാരത്തിലേറാമെന്നാണ് വിലയിരുത്തൽ.
ഡി.എം.കെ സഖ്യം ഏകദേശം 44.9 ശതമാനം വോട്ട് നേടുമെന്ന് സർവേ പറയുന്നു. അണ്ണാ ഡി.എം.കെ സഖ്യം 38.5 ശതമാനം വോട്ടുമായി 54 സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം.
അതേസമയം, ടി.വി.കെക്ക് 9.7 ശതമാനം വോട്ട് ലഭിക്കാമെന്നാണ് സർവേ വിലയിരുത്തൽ. വിജയ് മത്സരിക്കുന്ന പെരമ്പൂർ മണ്ഡലത്തിൽ പരാജയപ്പെടാമെന്ന പ്രവചനവും റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് മുൻതൂക്കം.












