സൈബർ ആക്രമണമല്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്; ബ്രിട്ടനിലെ വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധിയിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു
ലണ്ടൻ — സെപ്റ്റംബർ 19, 2026 : ഒരു മില്ലിസെക്കൻഡിൽ സംഭവിച്ച സോഫ്റ്റ്‌വെയർ തകരാർ കാരണം ബ്രിട്ടനിൽ 2,100-ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതായി അന്വേഷണ റിപ്പോർട്ട്. യുകെ എയർ ട്രാഫിക് കൺട്രോൾ ഏജൻസിയായ നാഷണൽ എയർ ട്രാഫിക് സർവീസസ് (NATS) പുറത്തുവിട്ട റിപ്പോർട്ടിലാണ് വിമാനത്താവളങ്ങളെ നിശ്ചലമാക്കിയ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കിയത്.
സെപ്റ്റംബർ 8-നുണ്ടായ ഈ അപ്രതീക്ഷിത സാങ്കേതിക തകരാർ ലണ്ടൻ ഹീത്രു, ഗാറ്റ്‌വിക്, മാഞ്ചസ്റ്റർ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലെ മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെയാണ് പെരുവഴിയിലാക്കിയത്. ബ്രിട്ടനും യുഎഇക്കുമിടയിൽ സർവീസ് നടത്തുന്ന പ്രമുഖ ഗൾഫ് എയർലൈനുകളെയും ഇത് കാര്യമായി ബാധിച്ചു.
നാഷണൽ എയർസ്പേസ് സിസ്റ്റത്തിലെ (NAS) നിർണായക സോഫ്റ്റ്‌വെയർ മൊഡ്യൂളിലാണ് പ്രശ്നമുണ്ടായതെന്ന് നാറ്റ്സ് വ്യക്തമാക്കി. ആകാശത്തുള്ള വിമാനങ്ങളെ റഡാറിൽ തിരിച്ചറിയാൻ സഹായിക്കുന്ന ‘സ്ക്വാക്ക് കോഡുകൾ’ നൽകുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിലാണ് തകരാർ രൂപപ്പെട്ടത്. ഒരു വിമാനത്തിന് കോഡ് നൽകുന്ന പ്രക്രിയ നടക്കുന്നതിനിടെ ഉയർന്ന മുൻഗണനയുള്ള മറ്റൊരു നിർദ്ദേശം സിസ്റ്റത്തിലേക്ക് എത്തി. ഇതിനെ തുടർന്ന് ആദ്യ പ്രക്രിയ താൽക്കാലികമായി നിർത്തിവെച്ചു.
എന്നാൽ മുൻഗണനാ നടപടി പൂർത്തിയായ ശേഷം കോഡ് നിർണ്ണയം പുനരാരംഭിച്ചപ്പോൾ സോഫ്റ്റ്‌വെയർ കോഡിംഗിലെ പിഴവ് കാരണം വിവരങ്ങൾ തകരാറിലായി. വെറും ഒരു മില്ലിസെക്കൻഡിലാണ് ഈ പിഴവ് സംഭവിച്ചതെങ്കിലും, ഇത് ലണ്ടൻ ഏരിയ കൺട്രോൾ സെന്ററിലേക്കുള്ള മുഴുവൻ വിമാന ഡാറ്റാ ലിങ്കുകളെയും നിശ്ചലമാക്കി.
റഡാർ വിവരങ്ങൾ നഷ്ടമായതോടെ എയർ ട്രാഫിക് കൺട്രോളർമാർ മാനുവൽ സംവിധാനത്തിലേക്ക് മാറാൻ നിർബന്ധിതരായി. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി വ്യോമപാതയിലെ വിമാനങ്ങളുടെ എണ്ണം നാറ്റ്സ് കർശനമായി വെട്ടിക്കുറച്ചു. ഇതോടെ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടേണ്ട സർവീസുകൾ മണിക്കൂറുകളോളം തടഞ്ഞുവെക്കപ്പെട്ടു.
വ്യോമയാന ഡാറ്റാ ഏജൻസിയായ സിറിയത്തിന്റെ (Cirium) കണക്കുകൾ പ്രകാരം സെപ്റ്റംബർ എട്ടിന് 1,746 വിമാനങ്ങളും ഒൻപതിന് 399 വിമാനങ്ങളും റദ്ദാക്കി; മൊത്തം 2,145 സർവീസുകളാണ് മുടങ്ങിയത്. 3,30,000 യാത്രക്കാരെ പ്രതിസന്ധി ബാധിച്ചതായി എയർലൈൻസ് യുകെ അറിയിച്ചു. ബ്രിട്ടീഷ് എയർവേയ്‌സ് മാത്രം 550-ഓളം വിമാനങ്ങൾ റദ്ദാക്കി, 85,000 പേരുടെ യാത്ര മുടങ്ങി.
ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സിന്റെ EY64 സർവീസ് റദ്ദാക്കുകയും EY66 വൈകുകയും ചെയ്തു. ലണ്ടനിലേക്ക് വരികയായിരുന്ന EY67 വിമാനം പാരീസിലേക്ക് തിരിച്ചുവിട്ടതിനെ തുടർന്ന് മടക്കയാത്രയായ EY68 കനത്ത കാലതാമസം നേരിട്ടു. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയർലൈൻസിന്റെ യുകെ സർവീസുകളിലും തടസ്സങ്ങൾ നേരിട്ടു. വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർലൈനുകൾ യാത്രക്കാർക്ക് നിർദ്ദേശം നൽകി.
സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമോ സൈനിക ഇടപെടലുകളോ ഇല്ലെന്ന് നാറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ റോൾഫ് വ്യക്തമാക്കി. 2023 ആഗസ്റ്റിൽ യുകെയിൽ ഉണ്ടായ എയർ ട്രാഫിക് തകരാറുമായി ഇതിന് ബന്ധമില്ലെന്നും യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ച ഈ സംഭവം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ യുകെ ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ, നാറ്റ്സിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് (CAA) ഉത്തരവിട്ടു. ആറ് മാസത്തിനകം സിഎഎ റിപ്പോർട്ട് സമർപ്പിക്കും. അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിരം സോഫ്റ്റ്‌വെയർ പരിഹാരം ഉടൻ പൂർത്തിയാക്കുമെന്നും നാറ്റ്സ് അറിയിച്ചു.










