അബൂദബി: ഗൂഗിൾ ഉൾപ്പെടെയുള്ള സെർച്ച് എൻജിനുകളിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ ലിങ്കുകൾ വഴി ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങളും വ്യക്തിഗത ഡാറ്റയും തട്ടിയെടുക്കുന്ന സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി അബൂദബി പൊലീസ്.
സർക്കാർ സേവനങ്ങൾ, ഉപഭോക്തൃ സംരക്ഷണ പ്ലാറ്റ്ഫോമുകൾ തുടങ്ങിയ പേരുകളിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ പലപ്പോഴും തട്ടിപ്പുകാർ സൃഷ്ടിച്ച വ്യാജ സൈറ്റുകളാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമാകാമെന്ന് അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റുകളും അംഗീകൃത മൊബൈൽ ആപ്പുകളും മാത്രം ഉപയോഗിക്കണമെന്നാണ് നിർദേശം. വ്യാജ സൈറ്റുകൾ യഥാർത്ഥ വെബ്സൈറ്റുകളെപ്പോലെ തന്നെ രൂപകൽപന ചെയ്തതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും. സെർച്ച് ഫലങ്ങളിൽ മുകളിലായി വരുന്നതും ഇവയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
ഈ ലിങ്കുകൾ വഴി പ്രവേശിച്ചാൽ ബാങ്ക് വിവരങ്ങൾ, ഒ.ടി.പി, പാസ്‌വേഡ് എന്നിവ ആവശ്യപ്പെടുകയും തുടർന്ന് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നതാണ് സൈബർ കുറ്റവാളികളുടെ രീതി.
സംശയാസ്പദമായ ലിങ്കുകൾ ശ്രദ്ധയിൽപ്പെട്ടാലോ തട്ടിപ്പിന് ഇരയായാലോ ഉടൻ തന്നെ അബൂദബി പൊലീസിനെ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ‘അമാൻ’ സേവനം വഴി പരാതി നൽകാം: ഫോൺ – 8002626, എസ്.എം.എസ് – 2828, ഇമെയിൽ – aman@adpolice.gov.ae. ‘Police Station in Your Phone’ ആപ്പ് വഴിയും പരാതി നൽകാൻ സൗകര്യമുണ്ട്.








































