ചണ്ഡീഗഡ്: രാഷ്ട്രീയ അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും അറുതി കുറിച്ച് ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ പഞ്ചാബ് നിയമസഭയിൽ വൻ ഭൂരിപക്ഷത്തോടെ വിശ്വാസ വോട്ട് നേടി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് വിശ്വാസപ്രമേയം പാസാക്കിയത്.
117 അംഗങ്ങളുള്ള നിയമസഭയിൽ 93 എം.എൽ.എമാർ സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തു. പ്രമേയത്തിന് എതിരെ വോട്ടുകളൊന്നും രേഖപ്പെടുത്തിയില്ല. ആം ആദ്മി പാർട്ടിക്ക് സഭയിൽ 92 അംഗങ്ങളുണ്ടെങ്കിലും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് 93 വോട്ടുകൾ നേടാനായത്.
വോട്ടെടുപ്പിന് പിന്നാലെ പ്രതികരിച്ച മുഖ്യമന്ത്രി ഭഗവന്ത് മാൻ, തന്റെ സർക്കാർ പാറപോലെ ഉറച്ചതാണെന്ന് വ്യക്തമാക്കി. എം.എൽ.എമാരെ സ്വാധീനിക്കാൻ ബി.ജെ.പിയിൽ നടത്തുന്ന ശ്രമങ്ങൾ പഞ്ചാബിൽ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ട എം.പിമാർ ജനങ്ങളെ വഞ്ചിച്ചുവെന്നും, എന്നാൽ എം.എൽ.എമാർ പാർട്ടിയോടൊപ്പം ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 24ന് ആം ആദ്മി പാർട്ടിയിലെ പ്രമുഖ നേതാക്കളായ രാഘവ് ചദ്ദ, സന്ദീപ് പഥക്, സ്വാതി മലിവാൾ എന്നിവരുള്‍പ്പെടെ ഏഴ് രാജ്യസഭ എം.പിമാർ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതോടെ സർക്കാരിൽ ഭിന്നതയുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.
സഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കങ്ങളാണ് നടന്നത്. മുഖ്യമന്ത്രി മദ്യപിച്ച് സഭയിൽ എത്തിയോയെന്ന് പരിശോധിക്കാൻ ബ്രീത്ത് അനലൈസർ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിക്കുകയും തുടർന്ന് സഭ ബഹിഷ്കരിക്കുകയും ചെയ്തു.
അതേസമയം, ബി.ജെ.പി അംഗങ്ങൾ നിയമസഭ നടപടികൾ ബഹിഷ്കരിച്ച് പുറത്തായി സമാന്തര ജനകീയ സഭ സംഘടിപ്പിച്ച് പ്രതിഷേധിച്ചു. ശിരോമണി അകാലിദൾ, ബി.എസ്.പി അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ഈ വിജയത്തോടെ അടുത്ത ആറുമാസത്തേക്ക് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് സാധിക്കില്ല. ഇതോടെ ഭഗവന്ത് മാൻ സർക്കാരിന് വലിയ രാഷ്ട്രീയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.









































