35-ാം പതിപ്പിന് ആതിഥേയത്വം വഹിച്ച് അഡ്നെക്; ബാൾക്കൻ രാജ്യങ്ങൾ അതിഥി രാജ്യം, അൽ ഫറാഹിദിയും ഡോൺ ക്വിക്സോട്ടും പ്രധാന പ്രമേയങ്ങൾ.
അബുദാബി, സെപ്റ്റംബർ 12, 2026 : ആഗോള സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖരെ അണിനിരത്തി മുപ്പത്തിയഞ്ചാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (ADIBF 2026) നാളെ അബുദാബി ദേശീയ പ്രദർശന കേന്ദ്രത്തിൽ (ADNEC) തുടക്കമാകും. 95 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും എഴുത്തുകാരും ചിന്തകരും മേളയിൽ അണിനിരക്കും.
ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന് കീഴിലുള്ള അബുദാബി അറബിക് ലാംഗ്വേജ് സെൻ്ററാണ് സെപ്റ്റംബർ 13 മുതൽ 18 വരെ നീളുന്ന ആറ് ദിവസത്തെ പുസ്തകമേള സംഘടിപ്പിക്കുന്നത്. “താളുകൾ മറിക്കാം, ലോകത്തെ വായിക്കാം” (Turn the Page, Read the World) എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം. വായനയും പ്രസാധന രംഗത്തെ പുത്തൻ പ്രവണതകളും ചർച്ച ചെയ്യുന്ന ഒന്നര recession ഇല്ലാത്ത 1,500-ലധികം അനുബന്ധ പരിപാടികൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
1981-ൽ യു.എ.ഇ.യുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ കൾച്ചറൽ ഫൗണ്ടേഷനിൽ തുടക്കമിട്ട “ഇസ്ലാമിക് ബുക്ക് ഫെയർ” എന്ന ചെറിയ പ്രദർശനമാണ് 35 വർഷത്തെ വളർച്ചയിലൂടെ ഇന്നത്തെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിയത്. അന്ന് 50 പ്രസാധകരുമായി ആരംഭിച്ച മേള, ഇന്ന് പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ സാഹിത്യ വിപണികളിലൊന്നാണ്.
തെക്കുകിഴക്കൻ യൂറോപ്യൻ മേഖലയായ ബാൾക്കൻ രാജ്യങ്ങളാണ് ഇത്തവണത്തെ പുസ്തകോത്സവത്തിലെ ‘ഗസ്റ്റ് ഓഫ് ഓണർ’. പ്രശസ്ത അറബ് ഭാഷാ പണ്ഡിതനും വ്യാകരണ വിദഗ്ദ്ധനുമായ അൽ ഖലീൽ ഇബ്ൻ അഹമ്മദ് അൽ ഫറാഹിദിയെ ‘ഫോക്കസ് പേഴ്സണാലിറ്റി’യായും, മിഗ്വൽ ഡി സെർവാന്റസിന്റെ പ്രശസ്ത കൃതി ‘ഡോൺ ക്വിക്സോട്ട്’ ഈ വർഷത്തെ ‘ബുക്ക് ഓഫ് ദ വേൾഡ്’ ആയും തിരഞ്ഞെടുത്തു.
35 വർഷത്തെ സാംസ്കാരിക മുന്നേറ്റം അടയാളപ്പെടുത്തിക്കൊണ്ട് അൽ ഫറാഹിദിയുടെ സംഭാവനകൾ വ്യക്തമാക്കുന്ന സംഗീത-നാടക ആവിഷ്കാരത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. സാഹിത്യ-സാംസ്കാരിക സംവാദങ്ങൾ വിവിധ സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി മാറുമെന്ന് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറും മേളയുടെ ഡയറക്ടറുമായ സഈദ് ഹംദാൻ അൽ തുനൈജി വ്യക്തമാക്കി.
അറബ് കവികൾ പങ്കെടുക്കുന്ന “പോയട്രി നൈറ്റ്സ്”, പ്രസാധന വ്യവസായത്തിലെ വെല്ലുവിളികളും ഡിജിറ്റൽ സാധ്യതകളും വിശകലനം ചെയ്യുന്ന പ്രൊഫഷണൽ കോൺഫറൻസ്, കുട്ടികൾക്കായുള്ള സർഗ്ഗാത്മക ശിൽപ്പശാലകൾ എന്നിവയും മേളയിലുണ്ടാകും. രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്ന 2026-ലെ ശൈഖ് സായിദ് ബുക്ക് അവാർഡ് ദാന ചടങ്ങും മേളയുടെ ഭാഗമായി നടക്കും. അറബ് സാഹിത്യം, വിവർത്തനം, ഗവേഷണം എന്നീ മേഖലകളിലെ ശ്രദ്ധേയരായ പ്രതിഭകൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.










