അബൂദബി: അബൂദബിയിലെ കണ്ടൽക്കാട് സംരക്ഷണ പദ്ധതിയിൽ അബൂദബി നാഷണൽ എനർജി കമ്പനി (TAQA)യെ ഔദ്യോഗിക പങ്കാളിയായി പ്രഖ്യാപിച്ച് അബൂദബി പരിസ്ഥിതി ഏജൻസി (EAD). അടുത്ത രണ്ട് വർഷത്തേക്ക് പദ്ധതിയുടെ മുഖ്യ പ്രായോജകരായി താഖ പ്രവർത്തിക്കും എന്ന് അധികൃതർ അറിയിച്ചു.
പരിസ്ഥിതി ഏജൻസി ആരംഭിച്ച കണ്ടൽക്കാട് ജൈവവൈവിധ്യ സ്വയം നിരീക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനാണ് താഖയുടെ പിന്തുണ.
പ്രകൃതിദത്ത കണ്ടൽ ആവാസവ്യവസ്ഥയിലെ ജൈവവൈവിധ്യം പഠിക്കാൻ നിർമിത ബുദ്ധി (AI), സാങ്കേതികവിദ്യ, നൂതന പാരിസ്ഥിതിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി ‘മൻത’ (Mangrove Nature Tracking Assistant – MANTA) എന്ന ഡിജിറ്റൽ സംവിധാനത്തിന്റെ വികസനത്തിനും താഖ പിന്തുണ നൽകും. അറേബ്യൻ ഗൾഫിലെ ഈ രീതിയിലുള്ള ആദ്യത്തെ പദ്ധതിയാണിത്.
കണ്ടൽക്കാട് ആവാസവ്യവസ്ഥയിലെ മത്സ്യങ്ങൾ, ഞണ്ടുകൾ തുടങ്ങിയ പ്രധാന ഇനങ്ങൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യത്തെ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആവാസവ്യവസ്ഥയുടെ ആരോഗ്യവും സ്ഥിരതയും വിലയിരുത്താനും പുനഃസ്ഥാപന ശ്രമങ്ങളുടെ വിജയം അളക്കാനും ഇത് സഹായിക്കും.
അതേസമയം അബൂദബി പരിസ്ഥിതി ഏജൻസി സംഘടിപ്പിച്ച ‘മറൈൻ ടർട്ടിൽ ഫെസ്റ്റിവൽ 2025’ നും താഖയാണ് സ്പോൺസർഷിപ്പ് നൽകിയത്.
കണ്ടൽക്കാട് ആവാസവ്യവസ്ഥ സംരക്ഷണത്തിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണ് ഈ പങ്കാളിത്തമെന്ന് പരിസ്ഥിതി ഏജൻസിയുടെ സമുദ്ര ജൈവവൈവിധ്യ വിഭാഗം ഡയറക്ടർ മൈത മുഹമ്മദ് അൽ ഹമീലി പറഞ്ഞു.
സുസ്ഥിരതക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി അബൂദബിയിലെ കണ്ടൽക്കാട് സംരംഭത്തെ പിന്തുണക്കുന്നതിൽ താഖ അഭിമാനിക്കുന്നുവെന്ന് ഗ്രൂപ്പ് ചീഫ് സ്ട്രാറ്റജി ഓഫിസർ നോയൽ ഔൺ പറഞ്ഞു.







































