ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ചെറുകിട ഇന്ധന വിതരണ സ്ഥാപനമായ ADNOC Distribution കഴിഞ്ഞ വർഷം റെക്കോർഡ് ലാഭം നേടി. 2025 ഡിസംബർ 31 വരെ ഉള്ള കണക്കുകൾ പ്രകാരം കമ്പനി 761 ദശലക്ഷം ഡോളറിന്റെ അറ്റലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 15.4 ശതമാനം വളർച്ചയാണ് ഉണ്ടായത്.
അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ സമർപ്പിച്ച സാമ്പത്തിക റിപ്പോർട്ടിലാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ പെട്രോൾ പമ്പുകൾ തുറന്നതും ഉയർന്ന അളവിൽ ഇന്ധന വിതരണം നടത്തിയതുമാണ് ലാഭ വർധനയ്ക്ക് പ്രധാന കാരണം.
വരുമാനത്തിൽ 1.2 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 15.7 ശതകോടി ലിറ്റർ ഇന്ധനം വിറ്റഴിച്ചതിലൂടെ 35.89 ശതകോടി ദിർഹത്തിന്റെ വരുമാനമാണ് കമ്പനി നേടിയത്.
യു.എ.ഇയ്ക്ക് പുറമെ സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കും ഇന്ധന വിതരണം വ്യാപിപ്പിച്ചതും വരുമാന വർധനയ്ക്ക് ആക്കം കൂട്ടി. കഴിഞ്ഞ വർഷം കമ്പനിയുടെ ആകെ പെട്രോൾ പമ്പുകളുടെ എണ്ണം 1,010 ആയി. മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2028ഓടെ ഈ എണ്ണം 1,150 ആയി ഉയർത്താനാണ് ലക്ഷ്യം.
ഇന്ധനേതര മേഖലയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവെച്ചു. നാലാം പാദത്തിൽ ഈ വിഭാഗത്തിലെ അറ്റലാഭം 15 ശതമാനം ഉയർന്ന് 668 ദശലക്ഷം ദിർഹമായി. വരുമാനം 7 ശതമാനം വർധിച്ച് 9.4 ശതകോടി ദിർഹമായി.
വിപുലീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഭാവിയിലും വളർച്ച തുടരാൻ പ്രതീക്ഷിക്കുന്നതായും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.









































