അജ്മാൻ | UAE വാർത്ത
അജ്മാനിൽ ടാക്സി സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ വർഷം മാത്രം 2.8 കോടി യാത്രക്കാരാണ് ടാക്സി സേവനം ഉപയോഗിച്ചത്. 2024നെ അപേക്ഷിച്ച് ഉപയോക്താക്കളുടെ എണ്ണത്തിൽ 6.6 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത സംവിധാനത്തെ നവീകരിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നടത്തിയ തുടർച്ചയായ പ്രവർത്തനങ്ങളാണ് ഈ വളർച്ചയ്ക്ക് കാരണമായതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ആൻഡ് ലൈസൻസിങ് ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ സമി അലി അൽ ജല്ലാഫ് വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി അത്യാധുനിക സംവിധാനങ്ങളാണ് ടാക്സി ഫ്ലീറ്റുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. വാഹനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന തത്സമയ ട്രാക്കിങ് സംവിധാനം, നിരീക്ഷണ ക്യാമറകൾ, ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും എളുപ്പത്തിൽ ടാക്സി ബുക്ക് ചെയ്യാൻ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ലഭ്യമാക്കിയിട്ടുണ്ട്. 24 മണിക്കൂറും വിശ്വസനീയവും സുരക്ഷിതവുമായ യാത്രാസൗകര്യം ഉറപ്പാക്കാൻ ഈ പരിഷ്കാരങ്ങൾ സഹായിക്കുന്നതായി അധികൃതർ അറിയിച്ചു.






































