ദുബായ്: പ്രവാസികൾക്കിടയിൽ വായനാശീലങ്ങൾ വളർത്തുന്നതിനും പുതു എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി അക്കാഫ് ഇവന്റ്‌സ് ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദുബായിൽ വായനശാല പ്രവർത്തനം ആരംഭിക്കുന്നു. ഏപ്രിൽ അവസാനം അൽ നഹ്ദയിലെ സഹീൽ–2 ബിൽഡിങ്ങിലെ അക്കാഫ് ഓഫീസിൽ (നമ്പർ: 302) വായനശാലയുടെ ഉദ്ഘാടനം നടക്കും.
നാട്ടിലെ ഗ്രാമീണ ഗ്രന്ഥശാലകളുടെ മാതൃകയിൽ സജ്ജീകരിക്കുന്ന ഈ വായനശാലയിൽ ആരംഭഘട്ടത്തിൽ ആയിരത്തിലധികം പുസ്തകങ്ങൾ ലഭ്യമാകും. അംഗത്വം സ്വീകരിക്കുന്നവർക്ക് പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയി വായിക്കാൻ സൗകര്യവും ഉണ്ടായിരിക്കും.
മാധ്യമപ്രവർത്തകനും പ്രശസ്ത എഴുത്തുകാരനുമായ സാദിഖ് കാവിൽ വായനശാലയിലേക്കുള്ള ആദ്യ പുസ്തകം കൈമാറി. എഴുത്തുകാരൻ ജോയ് ഡാനിയൽ, മാധ്യമപ്രവർത്തകരായ പ്രമദ് വി കുട്ടി, നിസാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ യു.എ.ഇയിലെ വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സന്നിഹിതരായിരുന്നു.
വായനശാലയുടെ പ്രധാന ആകർഷണങ്ങളിൽ ലോകസാഹിത്യം, മലയാള കൃതികൾ, പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ, ഓർമ്മ പുസ്തകങ്ങൾ, ബാലസാഹിത്യം, യാത്രാവിവരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. മലയാളവും ഇംഗ്ലീഷും ഉൾപ്പെടെ വ്യത്യസ്ത ഭാഷകളിൽ പ്രത്യേക വിഭാഗങ്ങളും ഒരുക്കും.
അക്കാഫ് ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും സാഹിത്യ സംവാദങ്ങൾ, പുസ്തകപരിചയങ്ങൾ, പ്രമുഖരുമായി മുഖാമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ഇവ അക്കാഫ് യൂട്യൂബ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുകയും ചെയ്യും.
വായനശാലയോടനുബന്ധിച്ച് 35 വയസ്സുവരെയുള്ള യുവാക്കൾക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കും. തെരഞ്ഞെടുത്ത 20 കഥകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. യു.എ.ഇയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് കഥാരചന മത്സരവും സംഘടിപ്പിക്കും. കൂടാതെ അക്കാഫ് അംഗങ്ങളുടെ കലാലയ സ്മരണകൾ ഉൾപ്പെടുത്തി പുസ്തകവും പുറത്തിറക്കും.
ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടർ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഡോ. ജോർജ് ഓണക്കൂർ, ഗീത മോഹൻ എന്നിവരാണ് ലിറ്റററി ക്ലബ്ബിന്റെ രക്ഷാധികാരികൾ.
വായനശാലയുടെ പ്രവർത്തനങ്ങൾക്ക് വിവിധ കോളേജുകളിലെ പ്രതിനിധികളടങ്ങിയ സമിതിയും വിപുലമായ സംഘവും നേതൃത്വം നൽകുന്നുണ്ട്. വായനശാലയുടെ സുഗമമായ നടത്തിപ്പിനായി അനൂപ് കുമ്പനാട്, ശ്രീകുമാർ, വി.സി. മനോജ് എന്നിവരടങ്ങിയ സംഘം പ്രവർത്തിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.















































