അമരാവതി: ആന്ധ്രാപ്രദേശിലെ മർക്കപുരം ജില്ലയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ ദാരുണ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് നരേന്ദ്ര മോദി. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് അറിയിച്ചു.
ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ 14 പേർ മരിച്ചു. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അമിതവേഗതയിലെത്തിയ ടിപ്പർ ലോറിയുമായുള്ള ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കുകയും തീ അതിവേഗം പടരുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
പുലർച്ചെ സമയം ആയതിനാൽ യാത്രക്കാരിൽ പലരും ഉറക്കത്തിലായിരുന്നു. പെട്ടെന്നുണ്ടായ തീപിടിത്തവും കനത്ത പുകയും കാരണം പലർക്കും രക്ഷപ്പെടാൻ സാധിച്ചില്ല. ബസിനുള്ളിൽ കുടുങ്ങിയവരാണ് കൂടുതലും മരണപ്പെട്ടത്.
നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ എമർജൻസി എക്സിറ്റ് വഴി ചിലരെ രക്ഷപ്പെടുത്തി. ഏകദേശം 18 മുതൽ 20 വരെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് സഹായം നൽകുമെന്നും വ്യക്തമാക്കി.
അതേസമയം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പരിക്കേറ്റവരുടെ ചികിത്സ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അപകടകാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്താൻ നിർദ്ദേശം നൽകി.
ഉപമുഖ്യമന്ത്രി പവൻ കല്യാൺ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായും അറിയിച്ചു.









































