മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026 വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിക്കുന്നു. സ്ത്രീശക്തിയുടെയും അതിജീവനത്തിന്റെയും പ്രതീകമായി “She is the Colour” എന്ന സവിശേഷമായ പ്രമേയത്തിലാണ് ഈ വർഷത്തെ അവാർഡ് നിശ സംഘടിപ്പിച്ചിട്ടുള്ളത്.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച വനിതകളേയും അവരുടെ നേട്ടങ്ങളെയും ആദരിക്കുക എന്നതാണ് ഈ വർഷത്തെ പരിപാടിയുടെ മുഖ്യ ലക്ഷ്യം. ഈ പ്രത്യേക തീമിന്റെ ഭാഗമായി കലാരംഗത്തെ അതുല്യ പ്രതിഭകൾ വേദിയിൽ ആദരിക്കപ്പെടും: മലയാളത്തിലെ ആദ്യ പിന്നണി ഗായികയായ വിമല വർമ്മയെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും. പത്മശ്രീ ജേതാക്കളായ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോൻ എന്നിവർ തങ്ങളുടെ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾക്ക് ആദരം ഏറ്റുവാങ്ങും. നടിയും അമ്മ (AMMA) പ്രസിഡന്റുമായ ശ്വേത മേനോൻ, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി എന്നിവരെയും ചടങ്ങിൽ ആദരിക്കും.
മലയാള ചലച്ചിത്ര രംഗത്തെയും ടെലിവിഷൻ രംഗത്തെയും വമ്പൻ താരനിരയാണ് ചടങ്ങിന് മാറ്റുകൂട്ടാൻ എത്തുന്നത്. ജയസൂര്യ, വിജയ് ബാബു, ആശ ശരത്, ലെന, എസ്തർ അനിൽ, അനുമോൾ, അഖില ഭാർഗവൻ, സരയു മോഹൻ, പ്രജോദ് കലാഭവൻ, ഗായത്രി സുരേഷ്, സാബുമോൻ അബ്ദുസമദ്, സ്വാസിക, ടിനി ടോം, സിജോയ് വർഗീസ്, കൈലാഷ്, വീണ നന്ദകുമാർ, ശബരീഷ് വർമ്മ, അൻസിബ ഹസ്സൻ, ദിനേശ് പ്രഭാകർ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്യപ്പെടും. അവാർഡ് ദാനത്തോടൊപ്പം പ്രമുഖ താരങ്ങൾ അണിനിരക്കുന്ന നൃത്താവിഷ്കാരങ്ങൾ, സാഹസികമായ സ്റ്റണ്ട് പ്രകടനങ്ങൾ, ചിരി പടർത്തുന്ന കോമഡി സ്കിറ്റുകൾ എന്നിവ ചടങ്ങിനെ കൂടുതൽ തിളക്കമുള്ളതാക്കും.
ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026, മാർച്ച് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ യു എ ഇ സമയം വൈകുന്നേരം 7 മണി മുതൽ ഏഷ്യനെറ് മിഡിൽ ഈസ്റ്റിൽ സംപ്രേഷണം ചെയ്യുന്നതാണ്.








































