ചേർത്തല: നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമായി ബി.ഡി.ജെ.എസ് മത്സരിക്കുന്ന 12 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. ചേർത്തലയിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പാർട്ടി നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി 22 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഈ തവണ മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം വർധിക്കുമെന്നും മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കുറിച്ചുള്ള പ്രഖ്യാപനം ചർച്ചകൾക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ നടത്തുമെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
പ്രഖ്യാപിച്ച സ്ഥാനാർഥികൾ:
- കുട്ടനാട് – സന്തോഷ് ശാന്തി
- കായംകുളം – തമ്പി മേട്ടുതറ
- അരൂർ – അഡ്വ. പി.എസ്. ജ്യോതിസ്
- കോട്ടയം – പി. അനിൽകുമാർ
- കടുത്തുരുത്തി – സുരേഷ് എട്ടിക്കുന്നേൽ
- ഉടുമ്പൻചോല – അഡ്വ. സംഗീത വിശ്വനാഥൻ
- കുന്നംകുളം – കെ.ആർ. രജിൽ
- നെന്മാറ – എ.എൻ. അനുരാഗ്
- കൊടുവള്ളി – ഗിരി പാമ്പനാൽ
- കോട്ടക്കൽ – സുബ്രഹ്മണ്യൻ ചുങ്കപള്ളി
- നിലമ്പൂർ – ഗിരീഷ് മേക്കാട്
- പേരാവൂർ – പൈലി വാത്യാട്ട്
അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മറ്റൊരു നീക്കമായി കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബി.ജെ.പിയിൽ ചേർന്നു. യു.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം ചെയർമാനുമായിരുന്ന അദ്ദേഹം തിരുവനന്തപുരം നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
കാർഡിയോളജിസ്റ്റ് ഡോ. പ്രതാപ് കുമാർ, സി.പി.എം മുൻ കോവളം ഏരിയ കമ്മിറ്റി അംഗം എൻ.എ. റഷീദ് എന്നിവരും ബി.ജെ.പിയിൽ ചേർന്നതായി അറിയിച്ചു.







































