തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ 2026-27 അധ്യയന വർഷത്തെ പി.ജി, ഇന്റഗ്രേറ്റഡ് പി.ജി ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ CU-CET 2026 ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ ഏപ്രിൽ 16ന് അവസാനിക്കും.
സർവകലാശാല പഠനവകുപ്പുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളജുകൾ എന്നിവിടങ്ങളിലെ എം.സി.എ, എം.എസ്.ഡബ്ല്യു, ബി.പി.എഡ്, എം.പി.എഡ്, എം.എ ജേണലിസം, എം.എസ്.സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം.
തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. പി.ജി കോഴ്‌സുകൾക്ക് അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇന്റഗ്രേറ്റഡ് കോഴ്‌സുകൾക്ക് പ്ലസ് ടു വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് ആവശ്യമായ യോഗ്യത നിർബന്ധമാണ്.
ആറ് സെഷനുകളിലായാണ് പരീക്ഷ നടത്തുക. ഒരേ അപേക്ഷയിൽ പരമാവധി ആറു പ്രോഗ്രാമുകൾ വരെ തിരഞ്ഞെടുക്കാം. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 680 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 300 രൂപയുമാണ്. എൽ.എൽ.എം പ്രോഗ്രാമിന് ഫീസ് 920 രൂപ (ജനറൽ)യും 435 രൂപ (എസ്.സി/എസ്.ടി)യും ആയിരിക്കും. അധിക കോഴ്‌സുകൾക്ക് 100 രൂപ വീതം അടക്കണം.
എല്ലാ വിഭാഗം സീറ്റുകളിലേക്കും, മാനേജ്മെന്റ് സീറ്റുകൾ ഉൾപ്പെടെ, പ്രവേശനം റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലായിരിക്കും. അപേക്ഷ സമർപ്പിക്കാൻ ആദ്യം CAP IDയും പാസ്‌വേഡും നേടണം. ഇതിനായി ഔദ്യോഗിക വെബ്സൈറ്റായ admission.uoc.ac.in സന്ദർശിച്ച് അടിസ്ഥാന വിവരങ്ങൾ നൽകണം.
മൊബൈൽ നമ്പർ OTP വഴി സ്ഥിരീകരിച്ച ശേഷമാണ് രജിസ്ട്രേഷൻ പൂർത്തിയാക്കുക. തുടർന്ന് CAP ID ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം. ഫീസ് അടച്ച ശേഷം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുകയും അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുകയും വേണം. പ്രിന്റൗട്ട് ലഭിച്ചാൽ മാത്രമേ അപേക്ഷ പൂർണമാകൂ.
‘One Time Edit’ സൗകര്യം ഉപയോഗിച്ച് തിരുത്തലുകൾ നടത്താം. എന്നാൽ കോഴ്‌സ്, കോളജ്, പരീക്ഷാകേന്ദ്രം എന്നിവ വീണ്ടും നൽകേണ്ടതുണ്ടാകും. പരീക്ഷ തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ സർവകലാശാല പിന്നീട് പ്രസിദ്ധീകരിക്കും.









































