പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ താൽക്കാലിക ക്രമീകരണങ്ങളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും. മാർച്ച് 17 ചൊവ്വാഴ്ച പശ്ചിമേഷ്യൻ മേഖലയിലേക്ക് ഇരു വിമാനക്കമ്പനികളും ചേർന്ന് ആകെ 44 ഷെഡ്യൂൾഡ്, നോൺ-ഷെഡ്യൂൾഡ് സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ചില സെക്ടറുകളിൽ പതിവ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെങ്കിലും, യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കും പ്രത്യേക അഡ്‌ഹോക്ക് (Ad-hoc) സർവീസുകൾ ഏർപ്പെടുത്തിയത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾ മാറ്റമില്ലാതെ തുടരും. മസ്കറ്റിലേക്കും ജിദ്ദയിലേക്കും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും പതിവുപോലെ വിമാനം പറത്തും. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്കും ഷെഡ്യൂൾഡ് സർവീസുകൾ ഉണ്ടായിരിക്കും. കൂടാതെ മസ്കറ്റിലേക്ക് ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗലാപുരം, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളും ചൊവ്വാഴ്ച ലഭ്യമായിരിക്കും.
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യു.എ.ഇയിലേക്കും സൗദിയിലേക്കും 24 പ്രത്യേക സർവീസുകളാണ് എയർ ഇന്ത്യ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഈ നോൺ-ഷെഡ്യൂൾഡ് വിമാനങ്ങൾ സർവീസ് നടത്തും. ആവശ്യമായ അനുമതികൾ ലഭ്യമാകുന്നതിനും സ്ലോട്ടുകൾ ലഭിക്കുന്നതിനും അനുസരിച്ചായിരിക്കും ഈ വിമാനങ്ങളുടെ സമയക്രമം. റിയാദിൽ നിന്ന് ഡൽഹിയിലേക്കും കോഴിക്കോട്ടേക്കും പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദുബായ്, അൽ ഐൻ, കുവൈറ്റ്, ഖത്തർ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായും ട്രാവൽ അപ്‌ഡേറ്റുകൾ വ്യക്തമാക്കുന്നു.
സർവീസുകൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് അധിക ചിലവില്ലാതെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് വാങ്ങാനോ ഉള്ള സൗകര്യം എയർ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. എയർ ഇന്ത്യ വെബ്സൈറ്റ് വഴിയോ കസ്റ്റമർ കെയർ നമ്പറുകൾ വഴിയോ യാത്രക്കാർക്ക് വിവരങ്ങൾ അറിയാൻ സാധിക്കും. എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാർക്ക് വാട്സാപ്പിലെ ഡിജിറ്റൽ അസിസ്റ്റന്റായ ‘ടിയ’ (Tia) വഴിയും പുനർക്രമീകരണങ്ങൾ നടത്താം. യാത്രക്കാർ തങ്ങളുടെ സജീവമായ മൊബൈൽ നമ്പറുകൾ എയർലൈൻസിൽ അപ്ഡേറ്റ് ചെയ്യണമെന്നും കൃത്യമായ വിവരങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.















































