ദുബൈ: ആർ.ടി.എ റമദാൻ മാസത്തിൽ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനായി സന്നദ്ധ സംരംഭത്തിന് തുടക്കമിട്ടു. ‘നമ്മൾ ഉൾപ്പെട്ട ഇടമാണ് കുടുംബം’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ജീവകാരുണ്യ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി റമദാൻ മാസത്തിൽ 8000 ഇഫ്താർ ഭക്ഷ്യകിറ്റുകളും 500 നോൾ കാർഡുകളും വിതരണം ചെയ്യും. ആർ.ടി.എ ആസ്ഥാനത്തും ഖുർആനിക് പാർക്കിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ‘മീൽസ് ഓൺ വീൽസ്’ എന്ന പേരിലാണ് ഭക്ഷണ വിതരണം സംഘടിപ്പിക്കുന്നത്.
ദരിദ്ര കുടുംബങ്ങൾ, അനാഥർ, മെട്രോ യാത്രക്കാർ, ടാക്സി ഡ്രൈവർമാർ, ഡെലിവറി റൈഡർമാർ, എമിറേറ്റിലുടനീളം പ്രവർത്തിക്കുന്ന ബസ് ഡ്രൈവർമാർ എന്നിവരാണ് കാമ്പയിന്റെ പ്രധാന ഗുണഭോക്താക്കൾ.
കിയോലിസ് എം.എച്ച്.ഐ, ദമാക് പ്രോപർട്ടീസ്, നൂൺ, ബൈത്തുൽ ഖൈർ സൊസൈറ്റി, അൽ അഹ്ലിയാ ചാരിറ്റി സ്കൂൾസ്, ദാറൽ ഹയ ജൻസ് ടെയ് ലറിങ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആർ.ടി.എ ജീവനക്കാരും വോളന്റിയർമാരും സജീവമായി പങ്കെടുക്കും.
കിയോളിസ് എം.എച്ച്.ഐ, ദമാക് പ്രോപ്പർട്ടീസ്, നൂൺ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മെട്രോ സ്റ്റേഷനുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നത്.
അതേസമയം, സായിദ് മാനുഷിക ദിനത്തോടനുബന്ധിച്ച് റമദാൻ റേഷൻ സംരംഭത്തിന്റെ ഭാഗമായി യോഗ്യരായ കുടുംബങ്ങൾക്ക് 500 നോൾ കാർഡുകൾ ആർ.ടി.എ വിതരണം ചെയ്യും. ചില കുടുംബങ്ങൾക്ക് നേരിട്ട് വീടുകളിലെത്തിച്ച് കാർഡുകൾ നൽകും. മറ്റു ഗുണഭോക്താക്കൾക്ക് കോഓപ്പറേറ്റീവ് സൊസൈറ്റികളിലൂടെ വിതരണം നടത്തും.
സാമൂഹിക ഉത്തരവാദിത്തവും സന്നദ്ധ സേവന സംസ്കാരവും ശക്തിപ്പെടുത്തുന്നതാണ് ആർ.ടി.എയുടെ ഈ പുതിയ സംരംഭമെന്ന് അധികൃതർ വ്യക്തമാക്കി.
Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.
Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.










































