ദുബൈ: അമൂല്യമായ നാഗരികതകളും അതുല്യമായ പുരോഗതികളും മാനവസമൂഹം ആർജിച്ചെടുത്തത് മുൻഗാമികളുടെ സത്യസന്ധതയും ത്യാഗവും നിറഞ്ഞ പ്രവർത്തനങ്ങൾ നിമിത്തമാണെന്നും ഈ രണ്ട് ഉത്കൃഷ്ടമായ സ്വഭാവഗുണങ്ങൾക്ക് മാനവചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഏറ്റവും ഉദാത്തമായ ഉദാഹരണങ്ങളാണ് പ്രവാചകരായ ഇബ്രാഹിം നബി (അ), മകൻ ഇസ്മാഈൽ നബി (അ), പത്നി ഹാജറ എന്നിവരുടെ ജീവിതമെന്നും യുവപണ്ഡിതനും വാഗ്മിയുമായ മന്‍സൂര്‍ അഹ്‌മദ് മദീനി പ്രസ്താവിച്ചു. ദുബൈ മതകാര്യവകുപ്പിന്‍റെ അനുമതിയോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്‍ററിലെ പള്ളിയില്‍ വെച്ചുനടന്ന ഈദുല്‍ ഫിത്വര്‍ നമസ്കാരശേഷം പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധിയുടെയും നന്മയുടേയും നാളുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് തക്ബീർ ധ്വനികളാൽ മുഖരിതമായ ഏറ്റവും ശാന്തമായ അന്തരീക്ഷത്തിൽ വീണ്ടുമൊരു പെരുന്നാൾ കൂടി നമ്മെ തേടിയെത്തിയ ഈ വേളയില്‍, സത്യസന്ധത (സിദ്ഖ്) ത്യാഗം (തദ്ഹിയ്യത്) എന്നീ മഹത്തായ മൂല്യങ്ങളില്‍ ആത്മാര്‍ത്ഥതയോടെ അടിയുറച്ചുനില്‍ക്കേണ്ടത് സുരക്ഷിതത്വത്തിനും വളര്‍ച്ചക്കും ഭദ്രമായ രാഷ്ട്രഘടനയുടെ നിലനില്‍പ്പിനും അനിവാര്യമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മുൻഗാമികളും ഭരണാധികാരികളും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലും കരാറുകളിലും പുലര്‍ത്തിയ സത്യസന്ധതയാണ് ഇന്നത്തെ സുരക്ഷിതത്വത്തിനും പുരോഗതിക്കും അടിസ്ഥാനം, അദ്ദേഹം തുടര്‍ന്നു.


സത്യസന്ധതയുടെ സ്വാഭാവികമായ തുടർച്ചയാണ് ത്യാഗം. രാജ്യത്തോടും സമൂഹത്തോടും സ്രഷ്ടാവിനോടുമുള്ള സ്നേഹത്തിൽ സത്യസന്ധതയുള്ളവർക്ക് മാത്രമേ ഉദാരമായി ത്യാഗം ചെയ്യാനാകൂ. രാജ്യത്തിന്‍റെ കാവലാളാകാനും അതിന്‍റെ പുരോഗതിക്കായി അഹോരാത്രം പ്രയത്നിക്കാനും നമുക്ക് സാധിക്കുന്നത് ഈ ത്യാഗമനസ്കതയിലൂടെയാണ്. രാജ്യത്തിന്‍റെ പ്രതാപത്തിനായി ജീവൻ വെടിഞ്ഞ രക്തസാക്ഷികൾ, തലമുറകള്‍ക്ക് വിജ്ഞാനവും സംസ്കാരവും പകർന്നുനൽകുന്നവർ, നാടിന്‍റെ സുസ്ഥിര വികസനത്തിനായി അധ്വാനിക്കുന്നവർ എന്നിവരെല്ലാം ത്യാഗത്തിന്‍റെ അതിമനോഹരങ്ങളായ മാതൃകകളാണ്, വിവിധ ഉദാഹരണങ്ങളിലൂടെ അദ്ദേഹം വിശദീകരിച്ചു.
കേവലം സന്തോഷപ്രകടനങ്ങളില്‍ ഒതുങ്ങേണ്ടതല്ല ഇസ്‌ലാമിലെ പെരുന്നാൾ ആഘോഷം. ഹൃദയങ്ങളിൽ നിഷ്കളങ്കതയും നാവുകളിൽ സത്യസന്ധതയും നിലനിർത്തി, സഹജരെ ചേര്‍ത്തുപിടിച്ചുകൊണ്ട് സമൂഹത്തിന് നന്മ ചെയ്യാനുള്ള ഒരു പുനരർപ്പണത്തിന്‍റെ ദിനമാണിത്. രാജ്യത്തോടുള്ള കൂറും ഭരണാധികാരികളോടുള്ള വിശ്വസ്തതയും കാത്തുസൂക്ഷിച്ചുകൊണ്ട്, പരസ്പരം സ്നേഹവും ആനന്ദവും പങ്കുവെക്കാൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഷാര്‍ജയിലെ അല്‍ഗുവൈര്‍ മസ്ജിദില്‍ ഇമാമും ഖിസൈസ് ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡണ്ടുമായ മൗലവി ഹുസൈന്‍ കക്കാട് ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കി. പ്രവാസിമലയാളികള്‍ വിവിധ പള്ളികളിലായി പ്രാര്‍ഥനയില്‍ പങ്ക്ചേരുകയും ബന്ധങ്ങള്‍ പുതുക്കുകയും ഈദ് ആശംസകള്‍ കൈമാറുകയും ചെയ്തു.













































