കോഴിക്കോട്: വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകളിലും പള്ളികളിലും വിശ്വാസികൾ ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്നു.
ഒരു മാസം നീണ്ട റമദാൻ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് ഇസ്‌ലാം മത വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം ഈദ് ഗാഹുകൾക്കായി പ്രത്യേക ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പെരുന്നാൾ നമസ്കാരത്തിന് ശേഷം ബന്ധു വീടുകൾ സന്ദർശിക്കുകയും ആശംസകൾ പങ്കുവെക്കുകയും ചെയ്യുന്ന തിരക്കിലാണ് വിശ്വാസികൾ.
സ്നേഹവും സഹോദരത്വവും കുടുംബബന്ധങ്ങളും ശക്തിപ്പെടുത്തുന്ന ആഘോഷമായാണ് ഈദ് ദിനം ആചരിക്കുന്നത്. പരസ്പരം ആശ്ലേഷിച്ച് ഈദ് ആശംസകൾ കൈമാറുന്നതും ആഘോഷത്തിന്റെ ഭാഗമാണ്.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പാളയം ഇമാം വി.പി. ഷുഐബ് മൗലവിയും സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
മുഖ്യമന്ത്രിയുൾപ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖരും ഈദ് ആശംസകൾ പങ്കുവെച്ചു. സമാധാനവും ഐക്യവും നിറഞ്ഞ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഈദ് സന്ദേശങ്ങൾ പ്രചോദനമാകണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.








































