ഷാർജ: എമിറേറ്റിലെ നാല് പ്രധാന പുരാവസ്തു കേന്ദ്രങ്ങൾ Islamic World Educational, Scientific and Cultural Organization (ഇസ്‌കോ)യുടെ ഇസ്‌ലാമിക് വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി. ഷാർജ പുരാവസ്തു വകുപ്പാണ് ഈ വിവരം പ്രഖ്യാപിച്ചത്. വാദി അൽ ഹെലു, അൽ ഫായ, അൽ നഹ്‌വ, ഖോർഫക്കാനിലെ കോട്ടകളും ഗോപുരങ്ങളും എന്നിവയാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇതോടെ ഇസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഷാർജ സൈറ്റുകളുടെ എണ്ണം 10 ആയി ഉയർന്നു.
ഷാർജയുടെ പൈതൃക സംരക്ഷണത്തിനും സാംസ്കാരിക പൈതൃകത്തെ ആഗോള തലത്തിൽ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ലഭിച്ച വലിയ അംഗീകാരമാണിതെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ജനറൽ ഇസ്സ യൂസഫ് വ്യക്തമാക്കി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയും ദൂരദർശിത്വവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജർ മലനിരകളിൽ സ്ഥിതിചെയ്യുന്ന വാദി അൽ ഹെലു, ബ്രോൺസ് യുഗത്തിൽ തെക്കുകിഴക്കൻ അറേബ്യയിലെ പ്രധാന ഖനന-ഉരുക്കൽ കേന്ദ്രമായിരുന്നു. ഇവിടെ കണ്ടെത്തിയ ഖനന അവശിഷ്ടങ്ങളും ഉരുക്കുചൂളകളും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള ലോഹസംസ്കരണത്തിന്റെ തെളിവുകളാണ്.



അൽ ഫായ പ്രദേശം 2,10,000 മുതൽ 6,000 വർഷം പഴക്കമുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ ലഭിച്ച ആഗോള പ്രാധാന്യമുള്ള കേന്ദ്രമാണ്. പർവത പ്രദേശത്തുള്ള അൽ നഹ്‌വയിൽ പുരാതന കല്ലുകൊണ്ടുള്ള വീടുകൾ, പള്ളി, ഖബറിസ്ഥാൻ, കാവൽ ഗോപുരങ്ങൾ, പാറചിത്രങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
ഖോർഫക്കാനിലെ കോട്ടകളും ഗോപുരങ്ങളും നഗരത്തെയും പ്രകൃതിദത്ത തുറമുഖത്തെയും സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത പ്രതിരോധ സംവിധാനങ്ങളായിരുന്നു. കടൽ-കര വ്യാപാര മാർഗങ്ങൾ നിരീക്ഷിക്കാൻ തന്ത്രപ്രധാന സ്ഥാനങ്ങളിലാണ് ഇവ നിർമ്മിച്ചിരുന്നത്.









































