ഷെയ്ഖ് സായിദ് റോഡ്, ഇ11, ഇ311 പാതകളിൽ യാത്രാതടസ്സം; എയർപോർട്ട് പരിസരങ്ങളിലും വ്യവസായ മേഖലകളിലും കനത്ത തിരക്ക്
ദുബായ്, സെപ്റ്റംബർ 23, 2026 : ബുധനാഴ്ച രാവിലെ പീക്ക് അവറിൽ ദുബായിലെയും ഷാർജയിലെയും പ്രധാന പാതകളിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഷെയ്ഖ് സായിദ് റോഡ്, ഇ11, ഇ311 തുടങ്ങിയ പ്രധാന എക്സ്പ്രസ് വേകളിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
ഷാർജയിൽ നിന്ന് ദുബായിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതകളിലും ഇരു എമിറേറ്റുകളിലെയും ഉൾപ്രദേശങ്ങളിലും ഇന്ന് രാവിലെ വലിയ തോതിലുള്ള ഗതാഗത സ്തംഭനമാണ് അനുഭവപ്പെട്ടത്. ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന ആയിരക്കണക്കിന് യാത്രക്കാർ ഇതോടെ പാതകളിൽ കുടുങ്ങി.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പാതകളിൽ കാര്യമായ യാത്രാതടസ്സമുണ്ടായി. അൽ ഗർഹൂദ് റോഡ്, എമിറേറ്റ്സ് ഗ്രൂപ്പ് ആസ്ഥാനം എന്നിവയ്ക്ക് സമീപം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി. റാഷിദിയ്യ, സിറ്റി സെന്റർ മിർദിഫ്, എത്തിഹാദ് മാൾ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകളിലും റാസ് അൽ ഖോർ വ്യവസായ മേഖല, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിലും ഗതാഗതം മന്ദഗതിയിലാണ്. അൽ വർഖ, അൽ മിസ്ഹർ, നദ്ദ് അൽ ഷെബ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും ഏറെ സമയം റോഡിൽ കാത്തുകിടക്കേണ്ടി വന്നു.
ഷെയ്ഖ് സായിദ് റോഡിൽ അൽ ബർഷ ഫസ്റ്റ് പരിസരത്തും ജുമൈറ വില്ലേജ് സർക്കിൾ (ജെവിസി), ദുബായ് സ്പോർട്സ് സിറ്റി, അറേബ്യൻ റാഞ്ചസ്, അൽ ഫുർജാൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഇ11, ഇ311 പാതകളിലും സമാനമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ഷാർജയിൽ അൽ ഇത്തിഹാദ് സ്ട്രീറ്റ്, അൽ വഹ്ദ സ്ട്രീറ്റ് എന്നിവടങ്ങളിൽ കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ നിര നീണ്ടത്. സഹാറ സെന്റർ, അൽ നഹ്ദ, അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങി. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 2, 3, 6, 10, 15, 17 എന്നിവടങ്ങളിലും യൂണിവേഴ്സിറ്റി ഓഫ് ഷാർജ, മുവൈല കൊമേഴ്സ്യൽ, സിറ്റി സെന്റർ അൽ സാഹിയ, സഫാരി മാൾ ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കോർണിഷിലെ അൽ മംസാർ ബീച്ച് പാർക്കിനെയും അൽ ഖാനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ തിരക്ക് ദേര, അബു ഹൈൽ ഭാഗങ്ങളിലേക്കും ബാധിച്ചിട്ടുണ്ട്.
യാത്രക്കാർ ആവശ്യത്തിന് അധിക സമയം മുൻകൂട്ടി കണ്ട് യാത്ര തിരിക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകളിൽ നൽകുന്ന വേഗപരിധി നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.










