ഭവനനിർമ്മാണം, വനിതാ കാപ്പി കർഷകരുടെ ശാക്തീകരണം, സർവ്വകലാശാലാ ഗവേഷണ കേന്ദ്രം എന്നിവ ഉൾപ്പെടുന്ന വിവിധ പദ്ധതികൾ ഷാർജ പ്രതിനിധി സംഘം നേരിട്ട് വിലയിരുത്തി.
യോഗ്യക്കാർത്ത, ഇന്തോനേഷ്യ — ഷാർജ ഉപഭരണാധികാരിയും ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ (TBHF) ഹ്യുമാനിറ്റേറിയൻ ദൂതനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഇന്തോനേഷ്യയിലെ വിവിധ ജീവകാരുണ്യ പദ്ധതികളിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി.
ബാലി, സെൻട്രൽ ജാവ, യോഗ്യക്കാർത്ത എന്നിവിടങ്ങളിലായി നടന്ന സന്ദർശനത്തിൽ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള പാർപ്പിട പദ്ധതികൾ, വനിതാ ശാക്തീകരണം, പുനരധിവാസം, ഉന്നതവിദ്യാഭ്യാസ ഗവേഷണം എന്നിവയ്ക്കാണ് പ്രാമുഖ്യം നൽകിയത്.


ഗുനുങ് കിദുൽ ഗ്രാമത്തിലെ ‘ഹോം ഫോർ എ ഹോം’ ഭവന പദ്ധതി സന്ദർശിച്ചുകൊണ്ടാണ് അദ്ദേഹം പര്യടനം അവസാനിപ്പിച്ചത്. യുഎഇ ആസ്ഥാനമായുള്ള പ്രമുഖ ഡെവലപ്പർ അരാദ (Arada), ടിബിഎച്ച്എഫ് എന്നിവയുമായി സഹകരിച്ച് ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്തോനേഷ്യയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമത്തിൽ നിർമ്മിക്കുന്ന 250 പുതിയ വീടുകളിൽ 50 എണ്ണം ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ശുദ്ധജല വിതരണ ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ 3,700-ലധികം ഗ്രാമവാസികൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കും. പദ്ധതി പൂർത്തിയായ വീടുകൾ സന്ദർശിച്ച ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ഗുണഭോക്താക്കളായ കുടുംബങ്ങളുമായി ആശയവിനിമയം നടത്തി.


സെൻട്രൽ ജാവയിൽ നാമ വിമൻ അഡ്വാൻസ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ (NAMA) പിന്തുണയോടെ പ്രവർത്തിക്കുന്ന കാപ്പിത്തോട്ടം സംഘം സന്ദർശിച്ചു. ഈ മേഖലയിലെ 2,800-ഓളം വനിതാ കർഷകർക്ക് കൃഷിരീതികൾ, വിളവെടുപ്പ്, പ്രോസസ്സിംഗ്, വിപണനം, സാമ്പത്തിക സാക്ഷരത എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്ന പദ്ധതിയാണിത്. വനിതാ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ സംയോജിത പ്രോസസ്സിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള വിപുലീകരണ സാധ്യതകൾ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ പരിശോധിച്ചു വരികയാണ്.
യോഗ്യക്കാർത്തയിലെ പ്രശസ്തമായ ഗദ്ജ മദ സർവകലാശാലയിൽ (UGM) 1.6 ദശലക്ഷം ഡോളർ ചെലവിൽ ‘ജവാഹർ അൽ ഖാസിമി ഹ്യുമാനിറ്റേറിയൻ ഇന്നൊവേഷൻ സെന്റർ’ സ്ഥാപിക്കുന്നതിനുള്ള കരാറിലും അദ്ദേഹം സാക്ഷിയായി. ടിബിഎച്ച്എഫ്, നാമ, സർവകലാശാല എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഈ കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം, മാലിന്യ സംസ്കരണം എന്നിവയിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനായി സർവകലാശാല രണ്ട് ഹെക്ടർ ‘ലിവിംഗ് ലാബും’
അനുവദിച്ചിട്ടുണ്ട്.

സന്ദർശനത്തിന്റെ ആദ്യഘട്ടത്തിൽ ബാലിയിലെത്തിയ സംഘം ഭിന്നശേഷിക്കാർക്ക് സൗജന്യമായി കൃത്രിമ അവയവങ്ങൾ നിർമ്മിച്ച് നൽകുന്ന കേന്ദ്രങ്ങളും ബാലി ലൈഫ് ഫൗണ്ടേഷന്റെ കീഴിലുള്ള വനിതാ-ശിശു സംരക്ഷണ കേന്ദ്രങ്ങളും സന്ദർശിച്ചിരുന്നു.










