ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ നീക്കം കൂടുതൽ വേഗത്തിലാക്കി 2026ലെ കേന്ദ്ര ബജറ്റ്. പെട്രോളിൽ 20 ശതമാനം എഥനോൾ (E20) കലർത്തുന്ന പദ്ധതിയുടെ വിജയത്തിന് പിന്നാലെ, സി.എൻ.ജി ഇന്ധനത്തിലും ഘട്ടംഘട്ടമായി ബയോഗ്യാസ് (CBG) കലർത്തൽ സർക്കാർ നിർബന്ധമാക്കി. നിർണ്ണായക പ്രഖ്യാപനം ധനമന്ത്രി Nirmala Sitharaman പാർലമെന്റിൽ അവതരിപ്പിച്ചു.
സി.എൻ.ജി – ബയോഗ്യാസ് മിശ്രിതം
ഗതാഗതത്തിനുള്ള സി.എൻ.ജിയിലും വീടുകളിലെ പി.എൻ.ജി (PNG) ഇന്ധനത്തിലും ഘട്ടംഘട്ടമായി ബയോഗ്യാസ് കലർത്തും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും വിദേശ ഗ്യാസ് ഇറക്കുമതിയിൽ ആശ്രയം കുറയ്ക്കുന്നതിനും ഈ നീക്കം സഹായകമാകും. കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്നതിനാൽ കർഷകർക്ക് അധിക വരുമാനം ലഭിക്കാനും സാധ്യതയുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പിന്തുണ
ഇലക്ട്രിക് വാഹന വിപണിയെ ശക്തിപ്പെടുത്താൻ നിർമ്മാണ മേഖലയ്ക്കും ചാർജിങ് ഇൻഫ്രാസ്ട്രക്ചറിനും കൂടുതൽ പിന്തുണ നൽകുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു. പൊതുഗതാഗത രംഗത്ത് കൂടുതൽ ഇ-ബസുകൾ നിരത്തിലിറക്കും. സംസ്ഥാന ഗതാഗത സ്ഥാപനങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയ പേയ്‌മെന്റ് സംവിധാനങ്ങളും കൊണ്ടുവരും.
കുറഞ്ഞ നിരക്കിൽ ബാറ്ററി നിർമാണം
ഇ-വാഹന ബാറ്ററി നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിനായി 35 യന്ത്രോപകരണങ്ങളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. മൊബൈൽ ഫോൺ ബാറ്ററി നിർമ്മാണത്തിനുള്ള 28 ഉപകരണങ്ങൾക്കും ഇളവ് ബാധകമാണ്. കൂടാതെ കൊബാൾട്ട്, ലിഥിയം-അയൺ ബാറ്ററി സ്ക്രാപ്പ്, ലെഡ്, സിങ്ക് ഉൾപ്പെടെ 16 പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി.
എക്സൈസ് ഡ്യൂട്ടി ഇളവ്
സി.എൻ.ജിയിൽ കലർത്തുന്ന ബയോഗ്യാസിന്റെ മൂല്യത്തിന് എക്സൈസ് ഡ്യൂട്ടി ഈടാക്കില്ലെന്ന് ധനമന്ത്രി അറിയിച്ചു. ക്ലീൻ ഫ്യൂവൽ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമാണിത്.










































