മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA – Comprehensive Economic Partnership Agreement) ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇരു രാജ്യങ്ങളും ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെയാണ് കരാർ ഔദ്യോഗികമായി നിലവിൽ വന്നത്.
കഴിഞ്ഞ ഡിസംബർ 18ന് മസ്കത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെച്ചത്. ഇന്ത്യയുടെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ ഉദ്ധരിച്ച് പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കരാർ പ്രാബല്യത്തിൽ വന്നതോടെ ടെക്സ്റ്റൈൽസ്, ലെതർ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, സമുദ്രോൽപന്നങ്ങൾ, ഓട്ടോമൊബൈൽ മേഖല, കായിക ഉപകരണങ്ങൾ, കാർഷിക ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഒമാൻ വിപണിയിൽ കൂടുതൽ നികുതിയിളവുകളും വ്യാപാര ആനുകൂല്യങ്ങളും ലഭിക്കും.
കരാറിന്റെ ഭാഗമായി മുംബൈ, കൊൽക്കത്ത, ചെന്നൈ തുറമുഖങ്ങളിൽ നിന്ന് കാർഷിക ഉൽപന്നങ്ങൾ, സ്വർണ-രത്നാഭരണങ്ങൾ എന്നിവ ഉൾപ്പെട്ട ആദ്യ പത്ത് ബാച്ച് ചരക്കുകൾ പ്രത്യേക നികുതിയിളവുകളോടെ ഒമാനിലേക്ക് കയറ്റുമതി ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
വ്യാപാര ബന്ധത്തിന് പുതിയ കരുത്ത്
ഗൾഫ് മേഖലയിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാൻ. ഒമാനിലെ ആധുനിക തുറമുഖ സംവിധാനങ്ങൾ വഴി മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പ്രവേശനം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.
2024-25 സാമ്പത്തിക വർഷത്തിൽ 10.61 ബില്യൺ ഡോളറായിരുന്ന ഇന്ത്യ-ഒമാൻ ഉഭയകക്ഷി വ്യാപാരം 2025-26ൽ 11.18 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. പുതിയ കരാറിലൂടെ ഈ വ്യാപാര മൂല്യം ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ.
കസ്റ്റംസ് തീരുവയിൽ ഇളവ്
ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഉൽപന്നങ്ങൾക്കും കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നതാണ് കരാറിന്റെ പ്രധാന നേട്ടം. സേവന മേഖലകളിലെ വ്യാപാരം എളുപ്പമാക്കുന്നതിനും ഇരുരാജ്യങ്ങളിലേക്കുമുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനും കരാർ സഹായകരമാകും.
പോളിഥിലീൻ, യൂറിയ, ജിപ്സം, ഇഥിലീൻ ഉൾപ്പെടെയുള്ള ഓയിൽ ഇതര ഉൽപന്നങ്ങളാണ് ഇന്ത്യയിലേക്കുള്ള ഒമാന്റെ പ്രധാന കയറ്റുമതികൾ. പുതിയ കരാറോടെ ഇന്ത്യൻ വിപണിയിലേക്കുള്ള ഒമാന്റെ പ്രവേശനവും കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.
16 പ്രധാന അധ്യായങ്ങൾ ഉൾപ്പെട്ട കരാർ
ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, കസ്റ്റംസ് നടപടികൾ, വ്യാപാര സൗകര്യവത്കരണം, ബൗദ്ധിക സ്വത്തവകാശം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, സാമ്പത്തിക-സാങ്കേതിക സഹകരണം തുടങ്ങി 16 പ്രധാന അധ്യായങ്ങളും വിവിധ സാങ്കേതിക അനുബന്ധങ്ങളും ഉൾക്കൊള്ളുന്നതാണ് കരാർ.
2023 നവംബറിലാണ് കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചത്. തുടർന്ന് നിരവധി ഘട്ടങ്ങളിലായുള്ള ചർച്ചകൾക്ക് ശേഷമാണ് കഴിഞ്ഞ ഡിസംബറിൽ അന്തിമ രൂപം നൽകിയത്.













































