ഹരാരെ: അണ്ടർ 19 ലോകകപ്പിൽ അഫ്‌ഗാനിസ്താനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. അഫ്‌ഗാൻ ഉയർത്തിയ 310 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 41.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായി മാറിയത് മലയാളി താരം ആരോൺ ജോർജിന്റെ തകർപ്പൻ സെഞ്ച്വറിയാണ്. 104 പന്തിൽ 15 ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 115 റൺസാണ് ആരോൺ നേടിയത്. നായകൻ ആയുഷ് മാത്രെയും വൈഭവ് സൂര്യവൻഷിയും അർധ സെഞ്ച്വറിയോടെ മികച്ച പിന്തുണ നൽകി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാനിസ്താൻ മികച്ച തുടക്കമാണ് നേടിയത്. ഫൈസൽ ഖാനും ഉസൈറുല്ലാഹ് നിയാസിയും സെഞ്ച്വറികൾ നേടി ടീമിനെ 310 റൺസിലേക്ക് നയിച്ചു. ഇന്ത്യക്കായി കൻഷിക് ചൗഹാനും ദീപേഷ് ദേവേന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ പതിവ് ഓപ്പണിങ് കൂട്ടുകെട്ടല്ല ഇന്ത്യക്കായി ഇറങ്ങിയത്. നായകൻ ആയുഷ് മാത്രേ വൺഡൗണായി ഇറങ്ങിയപ്പോൾ ആരോൺ ജോർജ് വൈഭവ് സൂര്യവൻഷിക്കൊപ്പം തുടക്കം കുറിച്ചു. 9.3 ഓവറിൽ 90 റൺസ് എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിച്ച വൈഭവ് 68 റൺസുമായി മടങ്ങി. തുടർന്ന് ആരോണും ആയുഷും ചേർന്ന് മത്സരത്തെ ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി.
ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ ഓസ്‌ട്രേലിയയെ 27 റൺസിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കലാശപ്പോരിന് ടിക്കറ്റെടുത്തത്.










































