അബുദാബി: പ്രവാസലോകത്തെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി (IMA), പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വി.പി.എസ് ഹെൽത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാരുണ്യ ഭവന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമാകുന്നു. പദ്ധതിയിലെ ആദ്യ വീടിന്റെ കുറ്റിയടിക്കൽ കർമ്മം ജനുവരി 16-ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മാടൻവിളയിൽ നടക്കും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന് ശേഷം സ്വന്തമായി ഒരു കൂര എന്ന സ്വപ്നം ബാക്കിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി മെഹ്ബൂബ് ഷംശുദീനാണ് ഈ പദ്ധതിയിലൂടെ ആദ്യ ഭവനം ലഭിക്കുന്നത്. ജനപ്രതിനിധികളും പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കുന്ന ചടങ്ങോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും.
വർഷങ്ങളോളം മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയിട്ടും പ്രാഥമിക ആവശ്യമായ ഒരു വീട് പോലും നിർമ്മിക്കാൻ കഴിയാത്ത നിരാലംബരായ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎംഎ ഈ പദ്ധതിക്ക് രൂപം നൽകിയത്. ഉമ്മുൽ ഖുവൈനിൽ ജോലി ചെയ്യുന്ന പെരുമാതുറ സ്വദേശി മെഹ്ബൂബ് ഷംശുദീനെയും കുടുംബത്തെയും സമഗ്രമായ സാമൂഹ്യ-സാമ്പത്തിക പരിശോധനകൾക്കും അപേക്ഷാ മൂല്യനിർണയത്തിനും ശേഷമാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തത്. നിർമ്മാണം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ തന്നെ വീട് പൂർത്തീകരിച്ച് കൈമാറാനാണ് സംഘടന ലക്ഷ്യമിടുന്നത്. പ്രവാസികളുടെ ക്ഷേമത്തിനായി ഒരു മാധ്യമ കൂട്ടായ്മ നടത്തുന്ന ഈ വേറിട്ട പ്രവർത്തനം വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഇന്ത്യൻ മീഡിയ അബുദാബി ഭാരവാഹികളായ പ്രസിഡന്റ് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറർ ഷിജിന കണ്ണൻദാസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് റസാക്ക് ഒരുമനയൂർ, ജോയിന്റ് സെക്രട്ടറി നിസാമുദ്ധീൻ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്നു. വി.പി.എസ് ഹെൽത്തിനെപ്പോലെയുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പങ്കാളിത്തം പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ സഹായിച്ചുവെന്ന് ഭാരവാഹികൾ വ്യക്തമാക്കി. അർഹരായ കൂടുതൽ പ്രവാസികളിലേക്ക് ഈ സേവനം എത്തിക്കാനാണ് സംഘടനയുടെ ഭാവി തീരുമാനം.


























