ദുബായ് : മുംബൈയിൽ നിന്നുള്ള കലാ-സാമൂഹിക ശാസ്ത്ര അധ്യാപികയായ റൂബിൾ നാഗി ദുബൈയിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ 2026ലെ 1 മില്യൺ ഡോളറിന്റെ ഗ്ലോബൽ ടീച്ചർ പ്രൈസ് നേടി.
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ജെംസ് എഡ്യൂക്കേഷന്റെയും വർക്കി ഫൗണ്ടേഷന്റെയും സ്ഥാപകൻ സണ്ണി വർക്കിയോടൊപ്പം അവാർഡ് സമ്മാനിച്ചു.മിസാൽ ഇന്ത്യ, റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷൻ എന്നിവയിലൂടെ ഇന്ത്യയിലുടനീളമുള്ള ചേരികളിലേക്കും ഗ്രാമീണ സമൂഹങ്ങളിലേക്കും അവർ വിദ്യാഭ്യാസം എത്തിച്ചത് ആണ് പുരസ്കാരത്തിന് അർഹയാക്കിയത്. കലയെ പഠനത്തിലേക്കുള്ള ഒരു കവാടമായി ഉപയോഗിക്കുന്ന സംരംഭങ്ങൾ ആയിരുന്നു അവരുടേത്.കഴിഞ്ഞ 20 വർഷത്തിനിടയിൽ, അവരുടെ പ്രസ്ഥാനം 800ലധികം പഠന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും, 600ലധികം സന്നദ്ധ പ്രവർത്തകരെയും ശമ്പളം വാങ്ങുന്ന അധ്യാപകരെയും അണിനിരത്തുകയും, ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്ന് പലപ്പോഴും ഒഴിവാക്കപ്പെട്ട കുട്ടികളിലേക്ക് എത്തിച്ചേരുന്ന ഒരു മാതൃക നിർമിക്കുകയും ചെയ്തിട്ടുണ്ട്.
അവരുടെ ക്ലാസ് മുറികൾക്ക് എല്ലായ്പ്പോഴും നാല് ചുവരുകൾ ഉണ്ടാരുന്നില്ല. നാഗിയുടെ “പഠനത്തിന്റെ ജീവനുള്ള മതിലുകൾ” എന്ന ചുവർ ചിത്രങ്ങൾ അയൽപക്ക പാതകളെയും മുറ്റങ്ങളെയും സ്ഥിരമായ പാഠ പുസ്തകങ്ങളാക്കി മാറ്റുന്നു.
അവരുടെ സമീപനം അക്കാദമിക് മേഖലയെ ജീവിത നൈപുണ്യങ്ങൾ, തൊഴിൽ പരമായ പ്രകടനം, സൃഷ്ടിപരമായ ആവിഷ്കാരം എന്നിവയുമായി സംയോജിപ്പിക്കുന്നു. കുട്ടികളിൽ ആത്മവിശ്വാസം, അഭിലാഷം എന്നിവ വളർത്തിയെടുക്കാൻ അത് സഹായിക്കുന്നു.
“ഇത് എനിക്ക് കൂടുതൽ മുന്നോട്ട് പോകാൻ ആക്കം നൽകുന്നു. കൂടുതൽ കുട്ടികളിലേക്ക് എത്തിച്ചേരുക, തടസ്സങ്ങൾ തകർക്കുക, ഓരോ പഠിതാവിനും വിദ്യാഭ്യാസം നേടുക മാത്രമല്ല, നിലനിൽക്കാനും വിജയിക്കാനും കഴിയുമെന്ന് ഉറപ്പാക്കുക” -നാഗി നേരത്തെ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇപ്പോൾ പത്താം വർഷത്തിൽ, വർക്കി ഫൗണ്ടേഷൻ യുനെസ്കോയുമായി ചേർന്ന് നടത്തുന്ന ഗ്ലോബൽ ടീച്ചർ പ്രൈസിന് ലോകമെമ്പാടും 100,000ത്തിലധികം നോമിനേഷനുകൾ ലഭിച്ചു. ക്ലാസ് മുറിക്കപ്പുറം ജീവിതങ്ങൾ രൂപപ്പെടുത്തുന്ന അധ്യാപകരെ ശ്രദ്ധാ കേന്ദ്രമാക്കി.
കഴിഞ്ഞ വർഷം, സഊദി അറേബ്യയിൽ നിന്നുള്ള അധ്യാപകനായ മൻസൂർ ബിൻ അബ്ദുല്ല അൽ മൻസൂർ, തന്റെ സമൂഹത്തെ സഹായിക്കുന്നതിനായി 3,000 മണിക്കൂറിലധികം സന്നദ്ധ സേവനം നടത്തിയിട്ടുണ്ട്. നൂറുകണക്കിന് പ്രതിഭാധനരായ അനാഥരുടെയും തടവുകാരുടെയും ജീവിതം മാറ്റി മറിച്ചതും ഇദ്ദേഹമാണ്. ജെംസ് എഡ്യൂക്കേഷൻ ഗ്ലോബൽ ടീച്ചർ പ്രൈസ് ജേതാവായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.









































