ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും വധഭീഷണിയുമായി കർണി സേന പ്രവർത്തകൻ രംഗത്ത്. ഭീഷണി മുഴക്കുന്ന വീഡിയോ കോൺഗ്രസ് പുറത്തുവിട്ടു. സംഭവത്തിൽ രാജ്‌സിംഗ് എന്നയാളെ കോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ.
വീഡിയോയിൽ ലോക്‌സഭ സ്പീക്കറെ 25 പ്രതിപക്ഷ നേതാക്കൾ അധിക്ഷേപിച്ചുവെന്നും അതിൽ ബി.ജെ.പി പ്രവർത്തകരും കർണി സേന പ്രവർത്തകരും ശക്തമായ പ്രതിഷേധത്തിലാണ് എന്നും ഇയാൾ പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ബന്ധപ്പെട്ട എംപിമാരുടെ വസതികളിലെത്തി പ്രതികാരം ചെയ്യുമെന്നും ഭീഷണി മുഴക്കുന്നു.
രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്ന് ആരോപിച്ച രാജ്‌സിംഗ്, ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ വസതിയിൽ കയറി വെടിവെച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ആവശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം ഓരോരുത്തരെയും വെടിവെച്ച് കൊല്ലുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.
ഭീഷണി ഒറ്റപ്പെട്ട സംഭവമല്ലെന്നും കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്നും കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേര ആരോപിച്ചു. ആർ.എസ്.എസ്–ബി.ജെ.പി കൂട്ടായ്മയെ ‘ഗോഡ്‌സെ ഫാക്ടറി’യെന്നു കോൺഗ്രസ് വിശേഷിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.










































