കൊച്ചി: മധ്യേഷ്യയിലെ യുദ്ധാവസ്ഥയുടെ പശ്ചാത്തലത്തിൽ സ്വർണവിലയ്ക്ക് ഞായറാഴ്ചയും അവധിയില്ലാ കുതിപ്പ്. രാജ്യാന്തര വിപണികൾ അവധിയിലായിരുന്നിട്ടും കേരളത്തിൽ സ്വർണവില കത്തിക്കയറി. ഇന്ന് പവന് ഒറ്റയടിക്ക് 3,200 രൂപ വർധിച്ച് 1,26,920 രൂപയായി. ഗ്രാമിന് 400 രൂപ ഉയർന്ന് 15,865 രൂപയാണ് വില.
മൂന്ന് ദിവസത്തിനിടെ പവന് 8,840 രൂപയും ഗ്രാമിന് 1,105 രൂപയും വർധിച്ചതോടെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശങ്ക. ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമാണ് നിലവിലെ റെക്കോർഡ്. പുതിയ റെക്കോർഡ് ഭേദിക്കാൻ ഇനി പവന് 4,240 രൂപയുടെ അകലം മാത്രം.
രാജ്യാന്തര വിപണിയിൽ ഔൺസിന് 100.58 ഡോളർ ഉയർന്ന് വില 5,278.1 ഡോളറിലെത്തി. ഇറാനെതിരായ യു.എസ്-ഇസ്രയേൽ സംഘർഷം തുടർന്നാൽ സ്വർണവില 6,000 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ.
ആഗോള സമ്പദ്വ്യവസ്ഥയിൽ അനിശ്ചിതത്വം കൂടിയതോടെ ഓഹരി, കടപ്പത്രം, കറൻസി വിപണികൾ സമ്മർദ്ദത്തിലായി. എണ്ണവിലയും ഉയരാനുള്ള സാധ്യത. ഈ സാഹചര്യത്തിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണത്തിനും വെള്ളിക്കും ആവശ്യകത കൂടുകയാണ്.
ആഭരണങ്ങൾക്ക് പകരം ഗോൾഡ് ഇടിഎഫ്, വെള്ളി ഇടിഎഫ്, സ്വർണക്കട്ടികൾ തുടങ്ങിയ നിക്ഷേപ മാർഗങ്ങളിലേക്കാണ് കൂടുതൽ ആളുകൾ തിരിയുന്നത്. ഇത് വില വർധനയ്ക്ക് കാരണമായി.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച പ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 330 രൂപ ഉയർന്ന് 13,100 രൂപയായി.18 കാരറ്റ് സ്വർണവില 13,030 രൂപയാണ്. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 295 മുതൽ 310 രൂപ വരെ വ്യത്യാസമുണ്ട്.
വിപണിയിലെ ഈ വേഗത കണക്കിലെടുത്താൽ പുതിയ ചരിത്ര റെക്കോർഡ് എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നാണു വ്യാപാരികളുടെ വിലയിരുത്തൽ.
English Summary:
Gold prices in Kerala surged sharply, crossing ₹1.26 lakh per pavan amid escalating Middle East tensions. Rising global uncertainty has boosted demand for safe-haven assets, pushing gold closer to record highs.








































