തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയനവർഷത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ഇത്തവണ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള പ്രവേശനോത്സവവും വിദ്യാലയ പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
പതിവുപോലെ ആഘോഷപൂർണമായ പ്രവേശനോത്സവത്തോടെയാണ് വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് സ്വാഗതം ചെയ്യുക. എന്നാൽ ചടങ്ങുകളുടെ രീതിയിൽ നിർണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉദ്ഘാടന പരിപാടികളിൽ ദൈർഘ്യമേറിയ പ്രസംഗങ്ങൾ ഒഴിവാക്കാനും, പകരം കുട്ടികളുമായി നേരിട്ട് ഇടപഴകുന്ന അവതരണ-സംവാദ പരിപാടികൾ സംഘടിപ്പിക്കാനുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
കുട്ടികളെ കടുത്ത വെയിലത്ത് നിരത്തി സ്കൂളുകൾക്ക് പുറത്ത് നടത്തുന്ന ഘോഷയാത്രകൾ ഇത്തവണ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. നവാഗതരെ വരവേൽക്കുന്ന ചടങ്ങുകൾ വലിയ സാമ്പത്തിക ചിലവുകളില്ലാതെ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ലളിതമായി സംഘടിപ്പിക്കണമെന്നും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഒന്നാം ക്ലാസിലേക്കുള്ള പാഠപുസ്തകങ്ങൾ ഇതിനോടകം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലേക്കും എത്തിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മറ്റ് ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണവും പുരോഗമിക്കുകയാണ്. മെയ് 29, 30 തീയതികളോടെ പ്രധാന ടെക്സ്റ്റ് ബുക്കുകൾ മുഴുവൻ സ്കൂളുകളിലും എത്തിക്കാനാണ് പദ്ധതി. ശേഷിക്കുന്ന പുസ്തകങ്ങൾ ജൂൺ ആദ്യവാരത്തോടെ വിതരണം പൂർത്തിയാക്കും.
അതേസമയം സ്കൂൾ യൂണിഫോം വിതരണം ഇനിയും പൂർണ്ണമായിട്ടില്ല. യു.പി, ഹൈസ്കൂൾ, എയ്ഡഡ് സ്കൂളുകൾക്കായി സർക്കാർ അനുവദിക്കുന്ന യൂണിഫോം തുക ലഭിക്കുന്നതിൽ ഉണ്ടായ താമസമാണ് വിതരണത്തെ ബാധിച്ചിരിക്കുന്നത്. ഇതുമൂലം പല സ്കൂളുകളിലും യൂണിഫോം വിതരണം വൈകാനാണ് സാധ്യത.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഇത്തവണ പ്രത്യേക പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. സ്കൂൾ കെട്ടിടങ്ങൾക്കു സമീപം അപകടസാധ്യതയുള്ള വൈദ്യുതിത്തൂണുകളോ വൈദ്യുതി ലൈനുകളോ ഉണ്ടാകരുതെന്നാണ് നിർദേശം. സ്കൂൾ പരിസരത്ത് ട്രാൻസ്ഫോർമറുകൾ ഇല്ലെന്ന് ഉറപ്പാക്കി കെ.എസ്.ഇ.ബിയിൽ നിന്നും എതിർപ്പില്ലാ സർട്ടിഫിക്കറ്റ് (NOC) നിർബന്ധമായും നേടണം.
സ്കൂളുകളുടെ ചുറ്റുമതിൽ ബലപ്പെടുത്തൽ, വിഷപ്പാമ്പുകൾ കയറുന്നത് തടയാൻ മാളങ്ങൾ അടയ്ക്കൽ തുടങ്ങി വിവിധ സുരക്ഷാ നടപടികളും പൂർത്തിയാക്കണം. പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച 17 സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്ന സ്കൂളുകൾക്കു മാത്രമേ പ്രവർത്തനാനുമതിയുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂ.













































