കൽപ്പറ്റ: സ്കൂളുകളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശത്തിന് വിരുദ്ധമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവ് വിവാദമായി.
അഞ്ച് മുതൽ ഒമ്പതാം ക്ലാസ് വരെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി വേനലവധിക്കാലത്ത് തന്നെ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കണമെന്നാണ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ്. ഇത് മന്ത്രിയുടെ നിലപാടിനോട് നേരിട്ട് വിരുദ്ധമായതിനാൽ വിദ്യാഭ്യാസ മേഖലയിലാകെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
കേരള വിദ്യാഭ്യാസ ചട്ടപ്രകാരം മാർച്ച് അവസാനം മുതൽ മേയ് 31 വരെ വേനലവധിയാണ്. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ സ്കൂളുകളുൾപ്പെടെ ഒരു തരത്തിലുള്ള ക്ലാസുകളും നടത്തരുതെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെയാണ് ഏപ്രിൽ 14ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുതിയ നിർദേശം നൽകിയത്. വാർഷിക പരീക്ഷയിൽ ആവശ്യമായ ഗ്രേഡ് ലഭിക്കാത്ത അഞ്ചു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഏപ്രിൽ 20 മുതൽ 27 വരെ രാവിലെ 9.30 മുതൽ 12.30 വരെ പ്രത്യേക ക്ലാസുകൾ നടത്തണമെന്നാണ് നിർദേശം.
ആദ്യം ഇത്തരം വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കുകയും രക്ഷിതാക്കളെ ബോധവത്കരിക്കുകയും വേണം. തുടർന്ന് ഏപ്രിൽ 28 മുതൽ 30 വരെ പഠന പുരോഗതി വിലയിരുത്തി മേയ് 2ന് ഫലം പ്രഖ്യാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ‘ഇ’ ഗ്രേഡും ഒമ്പതാം ക്ലാസിൽ ‘ഡി’ അല്ലെങ്കിൽ ‘ഇ’ ഗ്രേഡും നേടിയവർക്കാണ് ഈ ക്ലാസുകൾ ലക്ഷ്യമിടുന്നത്. പുനർവിലയിരുത്തലിന് ശേഷവും ആവശ്യമായ നിലവാരം കൈവരിക്കാത്ത വിദ്യാർത്ഥികളെ അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിച്ച് തുടർ പിന്തുണ നൽകണമെന്നും നിർദേശിക്കുന്നു.
എന്നാൽ നിലവിൽ പല അധ്യാപകരും പത്താം ക്ലാസ് മൂല്യനിർണയ ക്യാമ്പുകളിൽ തിരക്കിലായതിനാൽ ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന ആശങ്കയും ഉയരുന്നുണ്ട്.







































