തിരുവനന്തപുരം: കേന്ദ്ര വഖഫ് നിയമത്തിലെ ഭേദഗതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നീണ്ടുപോയ കേരള വഖഫ് ബോർഡ് പുനഃസംഘടന ഒടുവിൽ പൂർത്തിയാക്കി സംസ്ഥാന സർക്കാർ. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുതിയ ബോർഡ് രൂപീകരിച്ചത്.
നിലവിലുണ്ടായിരുന്ന ചെയർമാൻ അഡ്വ. എം.കെ. സക്കീറിനെ തന്നെ വീണ്ടും ചെയർമാനായി നിയമിച്ചു. സമസ്ത വിഭാഗത്തിൽ നിന്ന് സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന മുക്കം ഉമർ ഫൈസിയും പുതിയ ബോർഡിൽ അംഗമായി ഉൾപ്പെട്ടു.
മുസ്ലിം ഇതര വിഭാഗത്തിൽ നിന്നുള്ള രണ്ട് പ്രതിനിധികളെ ഉടൻ നിയമിക്കുമെന്നും സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കേന്ദ്ര നിയമപ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പുനഃസംഘടന വൈകാൻ കാരണമായത്.
വഖഫ് ബോർഡ് പുനഃസംഘടന നടപടികൾ ഫെബ്രുവരി 5ന് മുമ്പ് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേരള വഖഫ് സംരക്ഷണ വേദി നൽകിയ പൊതുതാൽപര്യ ഹരജിയെ തുടർന്ന് ജനുവരി 20ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നൽകിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആശങ്കകളും ഭരണകക്ഷിക്ക് ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതുമൂലം നിലവിലെ ബോർഡിന്റെ കാലാവധി ഒരു വർഷം മുമ്പ് അവസാനിച്ചിട്ടും പുനഃസംഘടന നീണ്ടുപോയിരുന്നു.










































