കണ്ണൂർ: തളിപ്പറമ്പ് നിയമസഭ മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടത്തിനിടെ സി.പി.എം വിമത സ്ഥാനാർഥി ടി.കെ. ഗോവിന്ദന്റെ ഭാര്യ കെ.പി. രമണിയെ പാർട്ടിയിൽനിന്ന് പുറത്താക്കി.
തളിപ്പറമ്പിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തതാണ് നടപടിക്ക് കാരണം. ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമായിരുന്ന രമണിക്കെതിരെ സി.പി.എം ജില്ല കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്നാണ് പാർട്ടി ആരോപണം. ഇതിനെ തുടർന്നാണ് പുറത്താക്കൽ നടപടി കൈക്കൊണ്ടതെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു.
മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന രമണി, തിങ്കളാഴ്ച തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിൽ വേദിയിലെത്തി പങ്കെടുത്തു.
യു.ഡി.എഫ് പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കിടയിൽ വേദിയിലെത്തിയ രമണിയെ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഷാളണിയിച്ച് സ്വീകരിച്ചു.
കുടുംബാംഗങ്ങൾ പോലും ടി.കെ. ഗോവിന്ദനെ പിന്തുണക്കുന്നില്ലെന്ന രാഷ്ട്രീയ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ശ്രദ്ധ നേടുന്നത്.










































