റിയാദ്: കുവൈത്തിൽ നിന്ന് സൗദിയിലേക്ക് എത്തുന്നവർക്കായി രണ്ട് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം, ഹഫർ അൽ ബാത്തിനിലെ ഖൈസുമ വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കായാണ് സൗദി അറേബ്യ പുതിയ ബസ് സർവീസുകൾ ആരംഭിക്കുന്നത്.
കുവൈത്തിൽ നിന്നും പുറത്തേക്ക് പോകേണ്ട യാത്രക്കാർക്ക് കൂടുതൽ ഗതാഗത സൗകര്യങ്ങൾ നൽകുന്നതിനും അവരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമായാണ് പുതിയ സർവീസുകൾ. സൗദി-കുവൈത്ത് അതിർത്തികളായ അൽ ഖഫ്ജി ക്രോസിങ്, അൽ റുഖൈ ക്രോസിങ് എന്നിവിടങ്ങളിലൂടെ റോഡ് മാർഗം സൗദിയിലേക്ക് വരുന്നവർക്കും ഈ വിമാനത്താവളങ്ങളിലെത്തി കുവൈത്തിലേക്ക് മടങ്ങാനുള്ളവർക്കും വേണ്ടിയാണ് പുതിയ രണ്ട് റൂട്ടുകൾ ആരംഭിക്കുന്നത്. ആദ്യ റൂട്ട് അൽ ഖഫ്ജി ക്രോസിങിനെയും ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തെയും നേരിട്ട് ബന്ധിപ്പിക്കുന്നു.
രണ്ടാമത്തെ റൂട്ട് അൽ റുഖൈ ക്രോസിങ് വഴി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിൻ നഗരത്തിലെ അൽ ഖൈസുമ രാജ്യാന്തര വിമാനത്താവളത്തിലേക്കും നേരിട്ട് എത്തും. തുടക്കത്തിൽ ഇരുദിശകളിലേക്കും ദിവസേന 6 സർവീസുകൾ ഉണ്ടാകും. ഇറാനിയൻ ആക്രമണത്തെ തുടർന്ന് കുവൈത്ത് വ്യോമാതിർത്തി ഫെബ്രുവരി 28 മുതൽ അടച്ചിരിക്കുകയാണ്. വിമാനത്താവള സേവനങ്ങൾ തടസ്സപ്പെട്ടതോടെ കുവൈത്തിലെ രാജ്യാന്തര യാത്രക്കാർക്ക് പുറത്തേക്ക് പോകുന്നതിനും മടങ്ങുന്നതിനും സൗകര്യമൊരുക്കുന്നതിനായി അനുഭാവപൂർണമായ നടപടി സ്വീകരിച്ചാണ് തൊട്ടടുത്ത അയൽരാജ്യമായ സൗദി പുതിയ വാതിലുകൾ തുറന്നത്















































