ദുബായ്: സംരംഭക ലോകത്തിലെ അനിശ്ചിതത്വങ്ങളെയും പ്രതിസന്ധികളെയും പുതിയ അവസരങ്ങളാക്കി മാറ്റാനുള്ള വഴികൾ ചർച്ച ചെയ്ത ‘ലെറ്റ്‌സ് ഇംപാക്ട്’ സംരംഭക സംഗമം ശ്രദ്ധേയമായി. സർക്കാർ പിന്തുണയുള്ള സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ ഇൻ5 മീഡിയ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.പ്രമുഖ പേഴ്സണൽ ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റും ബ്രാൻഡ് ഇംപാക്ട് ക്ലബ് സ്ഥാപകനുമായ ഫർഹാൻ അക്തർ പരിപാടിക്ക് നേതൃത്വം നൽകി.
പരിപാടിയുടെ പ്രധാന ആകർഷണമായ പാനൽ ചർച്ചയിൽ ടെൻ എക്സ് പ്രോപ്പർട്ടീസ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ, ടാസ് ആൻഡ് ഹാംജിറ്റിന്റെ അഹ്‌സൻ അബ്ദുള്ള, എജിഡി ഗോൾഡിന്റെ ഷമീർ എ, സാപ് ബെഡ് ഹോളിഡേ ഹോംസിന്റെ അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു. കോവിഡ് കാലഘട്ടത്തിലെ വെല്ലുവിളികൾ എങ്ങനെ മറികടന്നു, ഉപഭോക്താക്കളുടെ വിശ്വാസം എങ്ങനെ നേടിയെടുത്തു, സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്നതടക്കമുള്ള വിഷയങ്ങളിൽ അവർ അനുഭവങ്ങൾ പങ്കുവെച്ചു.വ്യവസായ മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ഭാവി സാധ്യതകളും സംബന്ധിച്ച ചർച്ചകൾ പങ്കെടുത്തവർക്കു പ്രായോഗികമായ അറിവുകൾ സമ്മാനിച്ചു. ടെൻ എക്സ് സെയിൽസ് ഡയറക്ടർ ജാസിം അൽ ബലൂഷി ദുബായ് സംരംഭകർക്ക് നൽകുന്ന പിന്തുണയും വളർച്ചാ സാധ്യതകളും വിശദീകരിച്ചു.
“വാട്ട്സ് യുവർ സ്റ്റോറി?” എന്ന തലക്കെട്ടിൽ നടന്ന പ്രത്യേക സെഷനും ശ്രദ്ധേയമായി. റോജേഴ്സ് ഡെനിമിന്റെ ലത്തീഫ് റോജേഴ്സ്, ഗ്രീൻബാഗ്സ് യു.എ.ഇയുടെ അബൂബക്കർ യൂസഫ്, ജിപിപിയിലെ ഷെഫ് ഷൗക്കത്ത്, മലബാർ റിയൽ എസ്റ്റേറ്റിലെ സുഹൈൽ മലബാർ എന്നിവർ തങ്ങളുടെ സംരംഭക യാത്രകളും വിജയ-പരാജയ അനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു.പരസ്പരമുള്ള നെറ്റ്‌വർക്കിംഗ്, പുതിയ ബിസിനസ് ബന്ധങ്ങൾ, സഹകരണ സാധ്യതകൾ എന്നിവയ്ക്കുള്ള വേദിയായും ‘ലെറ്റ്‌സ് ഇംപാക്ട്’ സംഗമം മാറി.






























