തിരുവനന്തപുരം: എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങുമായി ബന്ധപ്പെട്ട് ഗാർഹിക ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഭക്ഷ്യസുരക്ഷാ പൊതുവിതരണ വകുപ്പ് മന്ത്രി G. R. Anil അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ബുക്കിങ് സംവിധാനത്തിൽ താൽക്കാലിക തടസ്സങ്ങൾ ഉണ്ടായതെന്നും, സെർവർ ശേഷി വർധിപ്പിക്കാൻ ബന്ധപ്പെട്ട കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബുക്കിങ് ആവശ്യങ്ങൾ വർധിച്ചതോടെ ചിലയിടങ്ങളിൽ സിസ്റ്റത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ സെർവർ കപ്പാസിറ്റി വർധിപ്പിച്ച് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഗ്യാസ് കമ്പനികൾ ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്ക് ഗ്യാസ് ലഭ്യതയിൽ കുറവ് ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ അലോട്ട്‌മെന്റ് വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ ലഭിക്കുന്ന 20 ശതമാനം അലോട്ട്‌മെന്റ് വർധിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
ഇതിനിടെ എല്ലാ റേഷൻ കാർഡുകൾക്കും മണ്ണെണ്ണ ലഭ്യമാക്കുന്ന കാര്യവും സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. മണ്ണെണ്ണ ലഭ്യത വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകൾക്ക് മണ്ണെണ്ണ ലഭ്യമാക്കുന്നതിലൂടെ ഇത്തരം ഇന്ധന പ്രതിസന്ധികളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ.
അതേസമയം കരിഞ്ചന്തയും പൂഴ്ത്തിവെക്കലും തടയാൻ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 76 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായും മന്ത്രി അറിയിച്ചു.
എൽപിജി ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഹോട്ടലുകൾ പ്രവർത്തനം താൽക്കാലികമായി നിർത്തുകയും മെനുവിൽ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തുടരുമെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചുവെങ്കിലും, വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിതരണത്തെക്കുറിച്ച് വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ല.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന വിതരണത്തിൽ സമ്മർദ്ദം ഉയർന്ന സാഹചര്യത്തിൽ ഗ്രാമമേഖലകളിൽ എൽപിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. നഗര പ്രദേശങ്ങളിൽ ഇത് 25 ദിവസമായി തന്നെ തുടരും.
English Summary : Kerala Food and Civil Supplies Minister G. R. Anil said there is no need for concern regarding LPG cylinder booking issues, as the problem was caused by technical server limitations. The government has directed companies to increase server capacity. The state will also examine providing kerosene to all ration card holders and has requested the central government to increase kerosene and commercial LPG allocation.








































