UPIയുടെ അന്താരാഷ്ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങിനുമായാണ് ക്യാമ്പയിൻ
ദുബായ്: യുഎഇയിലെ ലുലു സ്റ്റോറുകളിൽ UPI വഴി പണമടയ്ക്കുന്ന ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് 10 ശതമാനം തൽക്ഷണ ഇളവ് ലഭിക്കുന്ന പ്രത്യേക ക്യാമ്പയിന് ലുലു സ്റ്റോറുകളിൽ തുടക്കമായി.എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡുമായി (NIPL) സഹകരിച്ചാണ് പദ്ധതി..

ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ UPIയുടെ അന്താരാഷ്ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയിലെത്തുന്ന ഇന്ത്യൻ സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനുമാണ് ഈ പദ്ധതി. ഇന്ത്യയിൽ പതിവായി ഉപയോഗിക്കുന്ന UPI ആപ്പുകൾ വഴി യുഎഇയിലും പണമടച്ച് ഇളവ് നേടാൻ ഇതിലൂടെ സാധിക്കും.

നവംബർ 23ന് ദുബായ് സിലിക്കൺ ഒയാസിസിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്ലോബൽ ഡയറക്ടർ സലിം എം.എ യുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാഡി വിഷ്ണു വർധൻ റെഡ്ഡി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
UPIയുടെ ഉപയോഗം യുഎഇയിൽ കൂടുതൽ വ്യാപകമാക്കുന്നതിനും ഇന്ത്യൻ സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങിനും ലുലുവിൻ്റെ ക്യാമ്പയിൽ കരുത്തേകുമെന്ന്
ഡോ. വിഷ്ണു വർധൻ റെഡ്ഡി പറഞ്ഞു. റീട്ടെയിൽ ഷോപ്പിങ്ങിന് നൽകുന്ന 10 ശതമാനം ഇളവ് ഇന്ത്യൻ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാർക്ക് നാട്ടിൽ ഉപയോഗിക്കുന്ന അതേ പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് യുഎഇയിലെ ലുലുവിലും ഷോപ്പിങ് നടത്താനും തൽക്ഷണം ഇളവ് നേടാനും ഈ ക്യാമ്പയിനിലൂടെ സാധിക്കും.ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവവും ഉറപ്പാക്കാനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ക്യാമ്പയിനെന്ന് സലിം എം.എ. പറഞ്ഞു. ഇന്ത്യൻ സമൂഹവുമായി ലുലുവിനുള്ള ദീർഘകാല ബന്ധവും യുഎഇയുടെ ടൂറിസം മേഖലയിലെ ഇന്ത്യൻ സന്ദർശകരുടെ പങ്കാളിത്വവും പ്രത്യേകം എടുത്തുകാണേണ്ടതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
PhonePe, Google Pay ഉൾപ്പെടെയുള്ള അംഗീകൃത UPI ആപ്പുകൾ ഉപയോഗിച്ച് ക്യാമ്പയിനിന്റെ ആനുകൂല്യം നേടാം. പണമടയ്ക്കുന്ന സമയത്ത് തന്നെ 10 ശതമാനം ഇളവ് ലഭിക്കും. കുറഞ്ഞ വാങ്ങൽ തുകയെന്ന നിബന്ധനയില്ല. യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.










