ദുബായ് : യുഎഇയുടെ 55-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒ ഗോൾഡ് അവതരിപ്പിക്കുന്ന റെമിറ്റ്ലി കേരളോത്സവം 2026 ഡിസംബർ 2, 3 തീയതികളിൽ ദുബായ് അൽ ഖുസൈസിലെ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് നാലുമുതൽ ആഘോഷപരിപാടികൾ അരങ്ങേറും.
ഡിസംബർ 2ന് വൈകിട്ട് 7.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത മലയാള ചലച്ചിത്രതാരം നിഖില വിമൽ പങ്കെടുക്കും. ഡിസംബർ 3ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, ബിസിനസ് രംഗത്തെ പ്രമുഖർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികൾ തുടങ്ങിയവരും വിവിധ പരിപാടികളിൽ പങ്കെടുക്കും.

കേരളത്തിന്റെ തനതായ കലാ-സാംസ്കാരിക പൈതൃകവും ഗ്രാമോത്സവത്തിന്റെ വർണവൈവിധ്യവും പ്രവാസമണ്ണിൽ പുനരാവിഷ്കരിക്കുകയാണ് കേരളോത്സവത്തിന്റെ ലക്ഷ്യം.
മേളപ്പെരുമയുമായി പഞ്ചാരി, ശിങ്കാരി, പഞ്ചവാദ്യം തുടങ്ങിയ വിവിധ മേളവാദ്യങ്ങളുടെ സമന്വയവും കലാപരിപാടികളും അരങ്ങേറും. പ്രശസ്ത പിന്നണിഗായിക ജോത്സ്നയുടെ ബാൻഡ് പ്രകടനത്തോടൊപ്പം അഭിജിത് ദാമോദരനും ആദ്യദിവസത്തെ സംഗീതവിരുന്നിൽ അണിചേരും. രണ്ടാം ദിവസം യുവഗായകർക്കൊപ്പം പ്രശസ്ത ഗായിക സയനോര, പുഷ്പവതി, അരവിന്ദ് വേണുഗോപാൽ എന്നിവർ അണിനിരക്കുന്ന “തെനാലി ടെയിൽസ്’ ബാൻഡ് പ്രകടനവും അരങ്ങേറും.
നൂറോളം വർക്ക്ഷോപ്പുകൾ അണിനിരക്കുന്ന കുടമാറ്റവും ആനയും ആനന്ദകരമായ ഉത്സവക്കാഴ്ചകളും പ്രധാന ആകർഷണങ്ങളാകും. പൂക്കാവടി, തെയ്യം, കാവടിയാട്ടം, നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങൾ അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്രയും തെരുവുനാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗംകളി, കോൽക്കളി, പൂരക്കളി, സംഗീതശിൽപം, സൈക്കിൾ യജ്ഞം എന്നിവയും ഉത്സവനഗരിയെ സജീവമാക്കും. കേരളത്തിന്റെ തനതുരുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും ഒരുക്കും.
സാഹിത്യസദസ്, പുസ്തകശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ, യുഎഇയിലെ പ്രമുഖ ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന എന്നിവയും നടക്കും. കേരളത്തിന്റെ ചരിത്രവും നാൾവഴികളും അടയാളപ്പെടുത്തുന്ന ചരിത്ര-പുരാവസ്തു പ്രദർശനങ്ങളും സന്ദർശകർക്ക് വേറിട്ട അനുഭവമാകും.
ദുബായിലെ മലയാളം മിഷനിലൂടെ കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കും. പ്രവാസികൾക്കായുള്ള വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് അറിയാനും അവയിൽ പങ്കാളികളാകാനും നോർക്ക, പ്രവാസി ക്ഷേമനിധി, മലയാളം മിഷൻ തുടങ്ങിയവയുടെ പ്രത്യേക സ്റ്റാളുകളും ഉത്സവനഗരിയിലുണ്ടാകും.
പ്രവാസികളുടെ മനസ്സിൽ നാടിന്റെ ഓർമകൾ പുതുക്കുന്നതിനൊപ്പം പുതുതലമുറയെ കേരളത്തിന്റെ ഭാഷ, കല, സംസ്കാരം, പാരമ്പര്യം എന്നിവയോട് ചേർത്തുനിർത്തുന്ന മഹോത്സവമായി കേരളോത്സവം മാറുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കേരളോത്സവം സംഘാടകസമിതി ഭാരവാഹികളായ എൻ കെ കുഞ്ഞഹമ്മദ്, ഷിജു ബഷീർ, അംബുജാക്ഷൻ, പ്രദീപ് തോപ്പിൽ, സോണിയ ഷിനോയ്, ജിസ്മി , റഷീദ് മട്ടന്നൂർ എന്നിവരും ഓർമ പ്രതിനിധികളും , റെമിറ്റ്ലി പ്രതിനിധികളായ ഷഹാൻ ഖാൻ, മുഹമ്മദ് കുഞ്ഞി, ഒ ഗോൾഡ് പ്രതിനിധി നാദിയ ബൊട്ടോറോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










