50 കോടി രൂപയുടെ ജീൻ തെറാപ്പി ചികിത്സാ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയർമാന്റെ സഹായം വലിയ ആശ്വാസമാകും.
കോഴിക്കോട്, ഇന്ത്യ — മുക്കത്ത് സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകൾക്ക് രണ്ട് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. സഹായത്തുക ശനിയാഴ്ച കുട്ടികളുടെ വീട്ടിലെത്തി കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ് അറിയിച്ചു.
കല്ലുരുട്ടി പൂവത്തിരിച്ചാൽ സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സയ്ക്കായാണ് സഹായം നൽകുന്നത്. ഒരു കുട്ടിക്ക് 16.5 കോടി രൂപ വീതം മൂന്ന് പേരുടെയും ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
രണ്ട് വയസ്സിനുള്ളിൽ ജീൻ തെറാപ്പി നൽകിയാൽ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുള്ളത്. 50 കോടി രൂപയെന്ന വലിയ ലക്ഷ്യത്തിലേക്ക് പണം സമാഹരിക്കാൻ ശ്രമിക്കുന്ന ചികിത്സാ സഹായക്കമ്മിറ്റിക്ക് എം.എ. യൂസഫലിയുടെ സഹായ പ്രഖ്യാപനം വലിയ ആശ്വാസമായി.










