ന്യൂഡൽഹി: രാജ്യത്തുടനീളം ഈ വർഷം മെയ് മാസത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദീർഘകാല ശരാശരിയുടെ 110 ശതമാനത്തോളം മഴ ലഭിക്കുമെന്നാണ് പ്രവചനം.
1971 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം മെയ് മാസത്തിലെ ദീർഘകാല ശരാശരി മഴ (എൽ.പി.എ) 64.1 മില്ലിമീറ്ററാണ്. എന്നാൽ ഈ വർഷം അതിനെക്കാൾ ഉയർന്ന മഴ ലഭിക്കാനാണ് സാധ്യത. ഉത്തരേന്ത്യ ഉൾപ്പെടെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ഈ പ്രവചനം വേനൽക്കാല സാഹചര്യങ്ങളിൽ ഗണ്യമായ മാറ്റത്തിന് സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന താപനിലയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം ലഭിക്കാനും ഉഷ്ണതരംഗത്തിന്റെ ആഘാതം കുറയാനും ഇത് സഹായകമാകും.
അതേസമയം അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടും. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.
പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ മഴ നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും കാരണമാകാം. കൃഷിയിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നൽ സമയത്ത് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.







































