ദുബൈ: മെന്റലിസം ഷോയുടെ പേരിൽ കൊച്ചി സ്വദേശിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെന്റലിസ്റ്റ് ആദി വ്യക്തമാക്കി. ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്.
ഷോയുടെ ഒരു വർഷത്തെ നിർമ്മാണ കരാർ എക്സ്ക്ലൂസീവ് ആയി നൽകണമെന്ന ആവശ്യം താൻ നിരസിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് ആദിയുടെ ആരോപണം. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പരാതിക്കാരൻ തന്റെ പത്ത് ഷോകളുടെ നിർമ്മാണത്തിൽ പങ്കാളിയായിരുന്നുവെന്ന് ആദി പറഞ്ഞു. എന്നാൽ ആ ഷോകൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും, ഒരു സ്പോൺസർഷിപ്പും ഇല്ലാതെയാണ് പരിപാടികൾ നടന്നതെന്നും വ്യക്തമാക്കി. പിന്നീട് ഷോകൾ വലിയ വിജയമായതോടെ ഒരു വർഷത്തെ നിർമ്മാണ കരാർ ആവശ്യപ്പെട്ടുവെന്നാണ് ആദിയുടെ വിശദീകരണം.
ലാഭമോ നഷ്ടമോ ഉണ്ടായാലും അത് നിർമ്മാതാവിന്റെ ബാധ്യതയാണ്. എന്നിരുന്നാലും പണം തിരികെ നൽകാൻ താൻ തയ്യാറാണെന്ന് അറിയിച്ചതായും മെന്റലിസ്റ്റ് ആദി കൂട്ടിച്ചേർത്തു.









































