തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ മിൽമ പാൽവില ഉയരാൻ സാധ്യതയുണ്ടെന്ന് സൂചന. ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും സർക്കാരിനെ സമീപിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു.
പാൽവില വർധന സംബന്ധിച്ച് നേരത്തെ നൽകിയ കത്തിന് ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്നും, സർക്കാർ അനുമതിയില്ലാതെ വില കൂട്ടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, വിലവർധന വൈകുന്നതിനെതിരെ എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ പ്രതിഷേധവുമായി രംഗത്തെത്തി. ആറുമാസം മുൻപ് തന്നെ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽവില കൂട്ടാനുള്ള തീരുമാനം എടുത്തിരുന്നുവെന്നും അത് അടിയന്തരമായി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പാൽവില വർധന വൈകുന്നതിലൂടെ കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നാണ് യൂണിയൻ ഭാരവാഹികളുടെ ആരോപണം. നിലവിലെ ചെലവുകൂടുതലും ഉൽപാദന ചെലവിന്റെ വർധനയും പരിഗണിക്കാതെ പോകുന്നത് മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, തദ്ദേശ സ്ഥാപന-നിയമസഭ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സർക്കാർ അനുമതി നൽകാതിരുന്നതാണ് വിലവർധന നീളാൻ കാരണമായതെന്ന വിലയിരുത്തലുണ്ട്. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.









































