മലപ്പുറം: സംസ്ഥാന മുൻ വഖഫ് ബോർഡ് ചെയർമാനും പി.എസ്.സി മുൻ ചെയർമാനുമായ അഡ്വ. എം.കെ. സക്കീർ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും. ഇതിന് മുന്നോടിയായി എം.കെ. സക്കീർ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചു. പുതിയ ചെയർമാനായി കെ.എസ്. ഹംസയെ നിയമിച്ച് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച വൈകീട്ട് ഉത്തരവ് പുറത്തിറക്കി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഹംസ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഇടതു സഹയാത്രികനായ ഹംസ സമസ്ത ഇ.കെ വിഭാഗത്തിന്റെ വിശ്വസ്തനായി അറിയപ്പെടുന്നു. പുതിയ വഖഫ് നിയമഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഫെബ്രുവരി നാലിന് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മുൻപ് വഖഫ് ബോർഡ് ചെയർമാനായിരുന്ന എം.കെ. സക്കീറിനെ രണ്ടാമതും ചെയർമാനായി നിയമിച്ചിരുന്നു. എന്നാൽ പൊന്നാനി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കെ വെള്ളിയാഴ്ച അദ്ദേഹം രാജിവെച്ചു.
മുൻകാലങ്ങളിൽ പാലോളി മുഹമ്മദ്കുട്ടി, പി. ശ്രീരാമകൃഷ്ണൻ, പി. നന്ദകുമാർ എന്നിവരാണ് പൊന്നാനിയിൽ ഇടതു മുന്നണിയുടെ സ്ഥാനാർഥികളായി മത്സരിച്ചിരുന്നത്. ഈ തവണ യു.ഡി.എഫ് സ്ഥാനാർഥിയായി കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദലി മത്സരിക്കുമെന്ന സൂചനയുണ്ട്.








































