ന്യൂഡൽഹി: മുസ്‌ലിം സംവരണവുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്നു രാജ്യസഭയിൽ പ്രതിഷേധം ശക്തമായി. ബി.ജെ.പി എം.പി കെ. ലക്ഷ്മണിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
ഒബിസി സംവരണം മുസ്‌ലിം പ്രീണനത്തിനായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നായിരുന്നു കെ. ലക്ഷ്മണിന്റെ ആരോപണം. കർണാടക, പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി മുസ്‌ലിം സമൂഹത്തിന് ഒബിസി സംവരണം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വിഷയത്തിൽ സമഗ്ര പുനഃപരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ. ലക്ഷ്മണിന്റെ പരാമർശങ്ങൾ ഭരണഘടനയ്ക്കും മണ്ടൽ കമ്മീഷൻ ശുപാർശകൾക്കും വിരുദ്ധമാണെന്ന്, കോൺഗ്രസ് എം.പി പ്രമോദ് തിവാരി പറഞ്ഞു.
അതേസമയം സംവരണം സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് നൽകേണ്ടത്, ഒരു മതവിഭാഗത്തെ ഒഴിവാക്കണമെന്ന് പറയുന്നത് വർഗീയ സമീപനമാണെന്നും, ടി.എം.സിയുടെ സാഗരിഗ ഘോഷും പ്രതികരിച്ചു.
അവർ മുസ്‌ലിം സമൂഹത്തെ വോട്ട് ബാങ്കായി മാത്രം കാണുന്നുവെന്ന്, പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയും പറഞ്ഞു










































